Pathanamthitta local

പനിബാധിതര്‍ പെരുകി; ചെങ്ങന്നൂരില്‍ 46 പേര്‍ക്ക് ഡെങ്കിയെന്ന് സംശയം



ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ പകര്‍ച്ചപനി വ്യാപകമാകുമ്പോള്‍ 46 പേരില്‍ ഡങ്കിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ അഞ്ച് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരികരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വത്സലാകുമാരി (57), കല്ലിശ്ശേരി സ്വദേശി രാമകൃഷ്ണന്‍ (60) എന്നിവര്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വയറിളക്ക രോഗം മൂലം 96 പേര്‍ ചികിത്സക്കായി എത്തിയപ്പോള്‍, മൂന്നു പേര്‍ക്ക് മലേറിയായും, ഏഴ് പേര്‍ക്ക് എച്ച്1, എന്‍1 രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായാണ് പനിബാധിതരായി ജില്ലാ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്. മുന്‍പ് എല്ലാ വിഭാഗത്തിലുമായി 400 മുതല്‍ 600വരെ രോഗികളാണ് ആശുപത്രിയിലെത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇത് ആയിരം കവിഞ്ഞു. ഇതേ തുടര്‍ന്ന് ഒപി വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരുടെയും കൂടുതല്‍ രോഗികളെത്തുന്ന സന്ദര്‍ഭങ്ങളില്‍ സ്‌പെഷ്യലിറ്റ്  ഡോക്ടറന്മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പനിബാധിതരെ കിടത്തി ചികിത്സിക്കാന്‍ ഇവിടെ 40 കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ പനിക്കാര്‍ എത്തുകയാണെങ്കില്‍  ഇവര്‍ക്കായി ശബരിമല വാര്‍ഡും  ഉപയോഗപ്പെടുത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.നഗരസഭ ഹോമിയോ ആശുപത്രിയിലും ചികിത്സ തേടിയെത്തുന്ന പനിബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ചെങ്ങന്നൂരില്‍ പകര്‍ച്ചപ്പനിക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഡങ്കിപ്പനി ബാധിതരുടെ എണ്ണത്തിലെ വര്‍ദ്ധനവ് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.  മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതും നഗരസഭയിലെ മാലിന്യം നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ സംവിധാനം ഇല്ലാത്തതും പകര്‍ച്ചപ്പനി പടരുന്നതിന് കാരണമാകുന്നുണ്ട്. നഗരസഭ മാലിന്യം നിക്ഷേപിക്കുന്ന പെരുങ്കുളം പാടശേഖരത്തിന് സമീപ പ്രദേശങ്ങളിലാണ് പകര്‍ച്ചപ്പനി കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാത്തതും റോഡുകളിലടക്കം മാലിന്യം കെട്ടിക്കിടക്കുന്നതും രോഗാണുക്കള്‍ പെരുകുന്നതിന് കാരണമാകുന്നുണ്ട്.
Next Story

RELATED STORIES

Share it