palakkad local

പനിച്ചു വിറച്ച് പടിഞ്ഞാറന്‍ മേഖല



ആനക്കര: കാലവര്‍ഷമെത്തിയതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയും പനിച്ച് വിറയ്ക്കുന്നു. തൃത്താലയില്‍ പനി വ്യാപകമായതോടെ പ്രദേശത്തെ ചാലിശ്ശേരിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രം അടക്കമുളള ആതുരാലയങ്ങള്‍ രോഗികളെ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്.  കപ്പൂര്‍ പഞ്ചായത്തില്‍ പറക്കുളത്തെ ഡിഫ്ത്തീരിയക്ക് പിറകെ കൊള്ളന്നൂരില്‍ ഡെങ്കിപ്പനിയും റിപോര്‍ട്ടു ചെയ്തിട്ടുണ്ട്. കൊള്ളന്നൂരിലെ വിദ്യാര്‍ഥിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പറക്കുളത്ത് എട്ടുവയസ്സുള്ള വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ  മേഖലയില്‍ ഡെങ്കിപ്പനിയും കൂടി വന്നത് ആശങ്കയുണ്ടാക്കുന്നു. ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊള്ളന്നൂരും പരിസരപ്രദേശത്തും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡിപിടി വാക്‌സിനേഷനും ബോധവല്‍കരണവും നടത്തി. തൊണ്ടമുള്ള് രോഗം സ്ഥീരികരിച്ച പറക്കുളത്ത് ടിഡി വാക്‌സിനേഷന്‍ ക്യാംപും ബോധവല്‍കരണവും തുടങ്ങി. കപ്പൂര്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ പറക്കുളം, കുമരനല്ലൂര്‍ എന്നിവിടങ്ങളില്‍ വൈറല്‍ പനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങള്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് പ്രദേശത്ത് മാലിന്യം പൊതുവഴികളില്‍ തളളുന്നതിനാല്‍ നാഗലശ്ശരി, ചാലിശ്ശേരി, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കും പകര്‍ച്ചവ്യാധി ഭീഷണിയുണ്ട്. നാഗലശ്ശേരി പഞ്ചായത്തില്‍ നാഗലശ്ശേരി, കൂറ്റനാട് ടൗണ്‍, കൂട്ടുപാത, ഞാങ്ങാട്ടിരി എന്നിവിടങ്ങളില്‍ പൊതുവഴിയോരങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് വ്യാപകമായിട്ടുണ്ട്. സല്‍കാര പാര്‍ട്ടകളില്‍ നിന്നും ഒഴിവാക്കുന്ന പ്ലാസ്റ്റിക്ക് അടക്കമുളള മാലിന്യങ്ങളും റോഡിലേക്കും തോടുകളിലേക്കും തളളുന്നത് വ്യാപകമായിട്ടുണ്ട്. ശനിയാഴ്ച മാത്രം നൂറോളംപേര്‍ ചാലിശ്ശേരി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പനിക്ക് ചികില്‍സ തേടിയിരുന്നു. ഡോക്ടര്‍മാരുടെ കുറവും രോഗികളുടെ എണ്ണത്തിലുളള വര്‍ധനയും ആരോഗ്യകേന്ദ്രങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it