thrissur local

പനിച്ചു വിറച്ച് തൃശൂര്‍ ഒരാഴ്ച്ചയ്ക്കിടെ രണ്ട് മരണം;100 പേര്‍ക്ക് ഡെങ്കിപ്പനി



തൃശൂര്‍: മഴക്കാലം തുടങ്ങിയതോടെ പടര്‍ച്ചാവ്യാധികളുടെ പിടിയിലമര്‍ന്നിരിക്കുകയാണ് ജില്ല. ഒരാഴ്ചക്കിടെ പനിബാധിച്ച് ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. നൂറ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിലില്‍ മരത്താക്കര, പുത്തൂര്‍ മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട ഡെങ്കിപ്പനിയാണ് ജില്ലയില്‍ വ്യാപകമായി പടര്‍ന്ന് പിടിച്ചത്. ഞായറാഴ്ച 26 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആരോഗ്യ വകുപ്പിന്റെ കണക്ക് അനുസരിച്ച് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം മൂന്നൂറ് കവിഞ്ഞു. കഴിഞ്ഞ ഒന്നരമാസത്തിനിടെ പനി ബാധിച്ച് ആറ് പേര്‍ മരിച്ചു. ഇതില്‍ രണ്ട് പേരുടെ മരണമാണ് ഡെങ്കിപ്പനി മൂലമാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത് ആരോഗ്യ വകുപ്പ് അധികൃതരെയും കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മരത്താക്കര, പടവരാട്, ഒല്ലൂക്കര, മേലൂക്കര, എളനാട് , പുത്തന്‍പീടിക, പറപ്പൂക്കര, കയ്പമംഗലം എന്നി പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടതലായി ബാധിച്ചിരിക്കുന്നത്. ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ച പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെങ്കിലും മറ്റു പ്രദേശങ്ങളിലേക്ക് ഡെങ്കിപ്പനി പടരുന്നതാണ് കടുത്ത ആശങ്ക സൃഷ്ടിക്കുന്നത്. തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ ആരോഗ്യ വകുപ്പിന്റെയും കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെയും അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തു. ഏത് പനിയും ഗൗരവമായി മാറാമെന്നതിനാല്‍ സ്വയം ചികില്‍സ നടത്താതെ ശരിയായ ചികില്‍സ തേടണണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കൊതുകുകള്‍ പെരുകാന്‍ സാധ്യതയുള്ള രീതിയില്‍ വെള്ളം കെട്ടിക്കിടക്കാനുള്ള അവസ്ഥ വീടുകള്‍ക്ക് സമീപം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദശിച്ചു.

Next Story

RELATED STORIES

Share it