kozhikode local

പനിച്ചുവിറച്ച് കോഴിക്കോട്‌



കോഴിക്കോട്: കാലവര്‍ഷം ആരംഭിച്ചതോടെ പനിബാധിതരുടെ എണ്ണം വര്‍ധിച്ചുതുടങ്ങി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും ദുരിതമനുഭവിക്കുന്നു. മെഡിസിന്‍ വാര്‍ഡുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആശുപത്രി വരാന്തയിലും രോഗികള്‍ തിങ്ങി നിറഞ്ഞു കഴിഞ്ഞു. ഇതുവരെ സാധാരണ പനിബാധിച്ച് 261 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇന്നലെ വൈകീട്ട് വരെയുള്ള കണക്കനുസരിച്ച് അത്യാഹിതവിഭാഗത്തില്‍ 186 പേരേയും പ്രവേശിപ്പിച്ചിട്ടുണ്ട്. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തില്‍ പനി ക്ലിനിക്ക് ആരംഭിച്ചിരുന്നു. എലിപ്പനി ബാധിച്ച് ആറ് പേരെയും ഡെങ്കിപ്പനി സ്ഥിരീകരിച്ച് 59 പേരെയും എച്ച്1എന്‍1 ബാധിതനായ ഒരു രോഗിയും മലേറിയ ബാധിച്ച ഒരു രോഗിയും ഡിഫ്തീരിയ ബാധിതരായി പത്ത് രോഗികളും ചികില്‍സയിലുണ്ട്. ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാണെങ്കിലും സ്ഥല സൗകര്യമില്ലാത്തതും ജീവനക്കാരുടെ കുറവുമാണ് കൃത്യമായ ചികില്‍സ നല്‍കുന്നതിന് തടസ്സമായി വരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പ്രധാനമായും നഴ്‌സുമാരുടെ കുറവ് മൂലമാണ് പ്രയാസപ്പെടുന്നതെന്നു ജീവനക്കാര്‍ പറയുന്നു. ആശുപത്രി വികസനസമിതിക്ക് കീഴില്‍ താല്‍ക്കാലിക നഴ്‌സുമാരെ നിയമിക്കാന്‍ ഫണ്ടിന്റെ അപര്യാപ്തതമൂലം സാധിക്കുന്നില്ലെന്ന് വികസന സമിതിയംഗം പറഞ്ഞു. സര്‍ക്കാരില്‍ നിന്നും താല്‍ക്കാലികമായി നഴ്‌സുമാരെ ലഭ്യമാക്കണമെങ്കില്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയാണ് നിയമനം നടത്തുകയെന്നും ആയതിന് കാലതാമസം എടുക്കുമെന്നും അധികൃതര്‍ പറയുന്നു. അടിയന്തര സാഹചര്യം നേരിടുന്നതിന് ജില്ലാ ഭരണകൂടം സ്‌പെഷ്യല്‍ ഫണ്ട് ഉപയോഗപ്പെടുത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ കൈകൊള്ളണമെന്നും ജീവനക്കാ ര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it