malappuram local

പനിക്കു ശമനമില്ല : കാലുകുത്താനിടമില്ലാതെ ആശുപത്രികള്‍



മലപ്പുറം: പനിച്ചൂടില്‍ ജില്ല വിറയ്ക്കുന്നു. കാലവര്‍ഷം കനത്തതോടെ പനി രോഗികളുടെ എണ്ണം പെരുകുന്നതോടൊപ്പം രോഗികളുടെ ദുരിതവും ഏറി. കാലുകുത്താനിടമില്ലാതെ രോഗികള്‍ ബുദ്ധിമുട്ടുമ്പോഴും ആശുപത്രികളില്‍ ജാഗ്രതയോടെ ഇടപെടാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നില്ലെന്നാണ് രോഗികളുടെ പരാതി. ജില്ലയില്‍ പടര്‍ന്നുപിടിച്ച ഡെങ്കിപ്പനിക്കു പിറകെ എച്ച്‌വണ്‍ എന്‍വണ്‍ പനിയും പടരുകയാണ്. നാലു ദിവസം മുമ്പ് ഇത്തരത്തിലുള്ള കേസുകളിലായി രണ്ടു പിഞ്ചു കുട്ടികളാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ചു വഴിക്കടവ് വള്ളിക്കാട് എസ്എന്‍ഡിപിക്കു സമീപം എടത്തൊടി വിനോദിന്റെ മകള്‍ അപൂര്‍വ (മൂന്ന്), എച്ച്‌വണ്‍ എന്‍വണ്‍ പനി പിടിപ്പെട്ടു കാവനൂര്‍ ഇളയൂരില്‍ മുണ്ടോടന്‍ മുഹമ്മദ് അനസിന്റെയും ഫസീലയുടെയും മകന്‍ അലി അര്‍ഷാദ് (ഒന്നര) എന്നിവരാണ് മരിച്ചത്. ചികില്‍സയിലായിരുന്ന ഈ കുട്ടികള്‍ രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്നാണു മരിച്ചത്. മഴ കനത്തതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണം പെരുകി. ദിനംപ്രതി നൂറുക്കണക്കിനു പേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തുന്നത്. ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് ഡെങ്കിയെങ്കില്‍ വായുവിലൂടെയും മറ്റുമാണ് എച്ച് വണ്‍ എന്‍വണ്‍ പനി പിടിപ്പെടുന്നത്. രണ്ടരവയസ്സിനു മുകളിലും 65 വയസിനു മുകളിലുമുള്ളവര്‍ക്കു വിട്ടുമാറാത്ത പനിയുണ്ടെങ്കില്‍ എച്ച്‌വണ്‍ എന്‍വണ്‍ രോഗലക്ഷണമാവാമെന്നു ആരോഗ്യവകുപ്പ് അറിയിച്ചു. അതിനാല്‍ സ്വയം ചികില്‍സ നടത്താതെ ഉടന്‍ ആശുപത്രികളിലെത്തണം. ജില്ലയില്‍ ഡെങ്കിപ്പനി കൂടുതലായും കാണപ്പെടുന്നത് കരുവാരക്കുണ്ട്, അങ്ങാടിപ്പുറം, കീഴുപറമ്പ്, കാവനൂര്‍, തൃക്കലങ്ങോട്, ചോക്കാട്, തിരൂരങ്ങാടി, ചാലിയാര്‍ കാളികാവ്, തൃപ്പനച്ചി, വേങ്ങര, തവനൂര്‍, താനൂര്‍ എന്നിവിടങ്ങളിലാണ്. സംസ്ഥാനാടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പുറത്തുവിട്ട പട്ടികയിലാണ് ഇവ ഉള്‍പ്പെട്ടത്. ഇത്തരം 12 ഹോട്ട്‌സ്‌പോട്ടുകളില്‍ ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്നിധ്യം ഏറെയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലയില്‍ ഇതിനകം 223 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളില്‍ ഈഡിസ് വിഭാഗത്തിലെ കൊതുകുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. റബര്‍, തെങ്ങ്, കവുങ്ങ് തോട്ടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ് ഇവ പെരുകാന്‍ കാരണം. ഡെങ്കി കൊതുകുകളില്‍ ഏറ്റവും അപകടകാരിയായ ഈഡിസ് കൊതുകുകള്‍ വീടുകള്‍ക്കുള്ളിലും പരിസരങ്ങളിലുമാണ് കാണപ്പെടുന്നത്. രാവിലെ ആറിനും പത്തിനും വൈകീട്ട് നാലിനും ആറിനും ഇടയിലാണ് ഇവയുടെ കടിയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത്. 200 മീറ്റര്‍ വരെ ഈ കൊതുകുകള്‍ പാറിയെത്തും. നേരത്തെ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാവും. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഹോട്ട്‌സ്‌പോട്ടുകളിലടക്കം ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നടപടികളിലാണ് ജില്ലാ ആരോഗ്യവകുപ്പ്. നിലവില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ പലതവണ ഫോഗിങ് നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനായി 40 ഫോഗിങ് മെഷീനുകള്‍ തയാറാക്കിയിട്ടുണ്ട്. അതേസമയം, ഫോഗിങിലൂടെ താല്‍കാലികമായേ കൊതുകുകളെ തുരത്താനാവൂ. വേങ്ങരയിലാണ് ഡെങ്കിപ്പനി ഇത്തവണ ആദ്യം റിപോര്‍ട്ട് ചെയ്തത്. മറ്റിടങ്ങളില്‍ നിന്നു വേങ്ങരയിലെത്തി താമസിച്ചവരില്‍ പലര്‍ക്കും ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വേങ്ങര ടൗണ്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായത്തോടെ പരിശോധനകള്‍ ഊര്‍ജിതമാക്കി. നഗരത്തിലെ വൃത്തിഹീനമായ സ്ഥലങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു. ബോധവല്‍കരണവും നടത്തും. പ്രതിരോധ പ്രവര്‍ത്തനവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുമ്പോഴും ഡെങ്കിപ്പനി സ്ഥിരീകരിക്കാനുള്ള സൗകര്യം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാത്രമാണുളളത്. അതേസമയം, പടര്‍ന്നുപിടിച്ച പനി നിയന്ത്രണ വിധേയാമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങാത്തതും ആരോഗ്യവകുപ്പിനെ കുഴക്കുന്നുണ്ട്. ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടല്‍ അത്യാവശ്യമാണ്. കൊതുകുകളെ തുരത്താന്‍ ഫോഗിങ് അടക്കം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെയ്യാമെങ്കിലും പല തദ്ദേശ സ്ഥാപനങ്ങളും പനി പടര്‍ന്നുപിടിക്കുമ്പോഴും ഇതൊന്നും അറിഞ്ഞ മട്ടില്ലെന്ന നിലപാടിലാണ്.
Next Story

RELATED STORIES

Share it