Middlepiece

പനിക്കിടക്കയിലെ നിലവിളികള്‍

പനിക്കിടക്കയിലെ നിലവിളികള്‍
X


സംസ്ഥാനം അക്ഷരാര്‍ഥത്തില്‍  പനിക്കിടക്കയിലാണ്. ലക്ഷക്കണക്കിനാളുകള്‍ പനിപിടിച്ച് വീട്ടിലും ആശുപത്രികളിലും കിടക്കുന്നു. സമീപകാലങ്ങളിലൊന്നും ഇല്ലാത്ത സ്ഥിതി. ആശ്വാസവാക്കുകള്‍ പറയാന്‍പോലും ആളില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായധനമില്ല. മടിശ്ശീലയ്ക്ക് കനമുള്ളവര്‍ വലിയവലിയ ആശുപത്രികളിലാണ്. പാവങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും. അവിടെ ചികില്‍സയും മരുന്നും കിട്ടാതെ രോഗികള്‍ വലയുന്നു. പനിക്കിടക്കയിലെ മരണസംഖ്യ അമ്പരപ്പിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതിനകം പനിയും അനുബന്ധ പകര്‍ച്ചവ്യാധികളും ബാധിച്ച് 112 പേരാണു മരിച്ചത്. ഇത് ഔദ്യോഗിക കണക്കാണ്. യഥാര്‍ഥ മരണസംഖ്യ ഇതിലും എത്രയോ കൂടുതലായിരിക്കും.ഇക്കുറി പനി ഏതെങ്കിലുമൊരു ഭാഗത്ത് ഒതുങ്ങിനിന്നില്ല. സംസ്ഥാനവ്യാപകമായി അത് പടര്‍ന്നുപിടിച്ചു. സാധാരണ പനിയും എലിപ്പനിയും ഉള്‍പ്പെടെ പലതരം പനികളുണ്ട്. എന്നാല്‍, മാരകമായ പനി ഡെങ്കിയാണ്. അധികദൂരം പറക്കാന്‍ ശേഷിയില്ലാത്ത ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി ഒരിക്കല്‍ വന്നവര്‍ക്കു തന്നെ വീണ്ടും വരുന്നു.പതിവുപോലെ വഴിപാട് പ്രതിരോധ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍തലങ്ങളില്‍ നടത്തിപ്പോന്നിട്ടുണ്ട്. കുറ്റം പറയരുതല്ലോ, ഇക്കുറി പത്രമാധ്യമങ്ങളിലെ പരസ്യത്തിലൂടെയും ജനങ്ങളെ, വായനക്കാരെ നല്ലപോലെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പരസ്യം വായിച്ച് ജനങ്ങളൊക്കെ നല്ലപോലെ ബോധവാന്‍മാരായതിനാല്‍ പരിസരശുചിത്വം ജനങ്ങളെ ഏല്‍പിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു മഴപെയ്താല്‍ നഗരങ്ങള്‍ വെള്ളത്തിനടിയിലാവുമെന്ന് ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സര്‍ക്കാരിനും അറിവുള്ളതാണ്. മഴക്കാലത്തിനു മുമ്പ് ചെറിയ കാനകളിലും ഓടകളിലും നടത്തുന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാവുന്നില്ല. വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കിയാല്‍ മാത്രമേ കൊതുകുകളെ തുരത്താന്‍ കഴിയൂ. മഴക്കാലം വരുന്നതിനു മാസങ്ങള്‍ക്കു മുമ്പുതന്നെ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടാവേണ്ടിയിരുന്നു. സര്‍ക്കാര്‍, നഗരസഭ, പഞ്ചായത്ത് സംവിധാനങ്ങളുടെ ഏകോപനം അനിവാര്യമായിരുന്നു. ജനപ്രതിനിധികള്‍ക്ക് ചുമതലകള്‍ ഏല്‍പിക്കണമായിരുന്നു. പൊതുജനപങ്കാളിത്തം ഇക്കാര്യത്തില്‍ ഉറപ്പുവരുത്തുകയും വേണമായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തീരെ അപര്യാപ്തമായിപ്പോയി. പിന്നീട് പകര്‍ച്ചവ്യാധികള്‍ പടരാനും മരണസംഖ്യ പെരുകാനും തുടങ്ങിയപ്പോള്‍ അവര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്‌തേ മതിയാവൂ എന്നായി. ഇനിയുള്ള ദിവസങ്ങള്‍ പേടിപ്പെടുത്തുന്നു. വെള്ളം ഒഴുകിപ്പോവാനുള്ള വഴികള്‍ കാണാത്തതുകൊണ്ടാണ് അനുഭവസ്ഥര്‍ ഇങ്ങനെ പറയുന്നത്. നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടര്‍ച്ചയായ പരിരക്ഷ നടക്കുന്നില്ല. അതുകൊണ്ട് മഴ കനക്കുമ്പോള്‍ പല ഭാഗങ്ങളിലും വെള്ളപ്പൊക്കമുണ്ടായി ഗതാഗതം തന്നെ തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാവാന്‍ പോവുന്നു എന്നതാണ് അപകടകരമായ സൂചനകള്‍. ഒരുഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നു. മറുഭാഗത്ത് മാലിന്യക്കൂമ്പാരങ്ങളും. വെള്ളവും മാലിന്യവും കൂടിക്കലര്‍ന്നു നാടാകെ പരക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂലമായ സാഹചര്യം.സര്‍ക്കാരും ആരോഗ്യവകുപ്പും വേണ്ടത്ര ജാഗ്രതപാലിച്ചില്ലെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നുകഴിഞ്ഞു. മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികാഘോഷങ്ങള്‍ക്കും രാഷ്ട്രീയവിവാദങ്ങള്‍ക്കുമിടയില്‍ ജനകീയ പനിപ്രശ്‌നം വിസ്മരിക്കപ്പെട്ടു. പൊതുവില്‍ രോഗങ്ങള്‍ക്കിടയില്‍ പനിക്ക് ചെറിയ പദവിയേയുള്ളൂ. പനി പിടിച്ച് ആരും അന്ത്യശ്വാസം വലിക്കില്ലെന്ന ഒരു ധാരണ പണ്ടുമുതലേ ഉള്ളതാണ്. ഇന്നു സ്ഥിതി മാറി. ആശുപത്രികളിലെ ക്യൂ നിയന്ത്രിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ എന്തുകൊണ്ടോ ഉണ്ടാവുന്നില്ല.  നാട്ടിലെ പല സന്നദ്ധസംഘടനകളും റസിഡന്റ്‌സ് അസോസിയേഷനുകളും തങ്ങളാലാവുന്നവിധം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് അഭിമാനകരമാണ്.പനി പിടിച്ചു മരിക്കുന്നത് ഒരു കുറച്ചിലാണോ? 112 എന്ന മരണസംഖ്യ വളരെ ചെറുതാണോ? ആരൊക്കെ കണ്ണടച്ചാലും സംസ്ഥാനത്തെ ബാധിച്ച ഈ ദുരന്തത്തെ അതിജീവിക്കാന്‍ ജനകീയ ഐക്യനിര പതുക്കെയാണെങ്കിലും ഉയര്‍ന്നുവരുന്നുണ്ട്. പ്രാദേശിക തലങ്ങളില്‍ അത് ഉണ്ടായിക്കൊണ്ടിരിക്കുന്നു. പനി പടര്‍ന്നുപിടിക്കുന്നതുപോലെ ജനകീയ പ്രതിരോധവും പടരാതിരിക്കില്ല.
Next Story

RELATED STORIES

Share it