പനാമാ രേഖകളില്‍ ലോകനേതാക്കളുടെ നീണ്ട നിര

പനാമ സിറ്റി: കള്ളപ്പണം നികുതിവെട്ടിച്ച് നിക്ഷേപിക്കുന്നതിനു വ്യാജരേഖകള്‍ നിര്‍മിച്ചു സഹായം നല്‍കുന്ന മൊസാക് ഫൊന്‍സെക എന്ന സ്ഥാപനത്തിന്റെ പുറത്തായ നിര്‍ണായക രേഖകളില്‍ ലോകനേതാക്കളുടെ നീണ്ട നിര.
500 ഇന്ത്യക്കാര്‍ക്കു പുറമെ, ആഗോളതലത്തില്‍ പ്രമുഖരായ രാഷ്ട്രീയനേതാക്കള്‍, വ്യവസായികള്‍, സെലിബ്രിറ്റികള്‍, കുറ്റവാളികള്‍, സ്‌പോര്‍ട്‌സ് താരങ്ങള്‍ എന്നിവരുടെ പേരുകളും ഇതില്‍ ഉള്‍പ്പെടും.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് എന്നിവരുടെ ബന്ധുക്കളും പട്ടികയില്‍ പെടും. രാഷ്ട്രീയപ്രമുഖര്‍ക്കു പുറമേ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സി, കഴിഞ്ഞവര്‍ഷത്തെ ഫിഫ അഴിമതി വിവാദത്തില്‍ പെട്ട യുവേഫ മുന്‍ അധ്യക്ഷന്‍ മിഷയേല്‍ പ്ലാറ്റിനി, ബ്രസീല്‍, ഇംഗ്ലണ്ട്, തുര്‍ക്കി, നെതര്‍ലന്റ്‌സ്, ഉറൂഗ്വെ, സെര്‍ബിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്‌ബോള്‍ താരങ്ങള്‍, ഹോളിവുഡ് താരം ജാക്കി ചാന്‍, ഫിഫയുടെ എതിക്‌സ് കമ്മിറ്റിയിലെ രണ്ടുപേര്‍ തുടങ്ങിയവരുടെ പേരുകളും മൊസാക് ഫൊന്‍സെകയുടെ വ്യത്യസ്ത രേഖകളില്‍ ഇടംപിടിച്ചിട്ടുണ്ട്.
പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മക്കളായ മര്‍യം നവാസ്, ഹസന്‍ നവാസ് ശരീഫ്, ഹുസയ്ന്‍ നവാസ് ശരീഫ്, അര്‍ജന്റീനിയന്‍ പ്രസിഡന്റ് മൗറിഷ്യോ മാക്രി, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, യുഎഇ പ്രസിഡന്റ് ഖലീഫ ബിന്‍ സഈദ് അല്‍ നഹ് യാന്‍, ഖത്തര്‍ മുന്‍ അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അടുത്ത മൂന്നു സുഹൃത്തുക്കള്‍, ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ മകന്‍ അലാ മുബാറക്ക്, മലേസ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്റെ മകന്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ മരുമകന്‍, സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ ബന്ധുക്കള്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പിതാവ് ഇയാന്‍ കാമറണ്‍, ഐക്യരാഷ്ട്രസഭാ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ മകന്‍ കോജോ അന്നന്‍ എന്നിവരുടെ പേരുകള്‍ രേഖകളിലുണ്ട്.
Next Story

RELATED STORIES

Share it