thiruvananthapuram local

പനവൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെ 8.50 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം



നെടുമങ്ങാട്: പനവൂര്‍ ഗ്രാമപ്പഞ്ചായത്ത് 2017-18 വര്‍ഷത്തില്‍ സമര്‍പ്പിച്ച വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. 165 പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ച 8.50 കോടി രൂപ അടങ്കല്‍ തുകയ്ക്കുള്ള പ്രവൃത്തികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. വിദ്യാഭ്യാസമേഖലയ്ക്കും കാര്‍ഷിക രംഗത്തിനും കൂടുതല്‍ ഊന്നലും പൊതുവികസനത്തില്‍ കരുതല്‍ നടപടികളും ലക്ഷ്യംവയ്ക്കുന്ന പദ്ധതികളാണ് അംഗീകാരത്തിനായ് സമര്‍പ്പിച്ചതെന്നും അനുവാദം ലഭിച്ച പ്രവൃത്തികളൊക്കെ സമയബന്ധിതമായിത്തന്നെ നടപ്പിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ് വി കിഷോര്‍ പറഞ്ഞു. ഉല്‍പാദന മേഖലയ്ക്ക് 1,46,48,290 രൂപയും സേവനമേഖലയില്‍ 3,29,92,324 രൂപയും പശ്ചാത്തല മേഖലയില്‍ 2,67,73,680 രൂപയും പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി 54,70,000 രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 13,60,000 രൂപയുമാണ് അടങ്കല്‍ തുകയായി വകയിരുത്തിയിട്ടുള്ളത്. കാര്‍ഷിക മേഖലയുടെ വിപുലീകരണം, മൃഗപരിപാലനം, ക്ഷീരവികസനം, ജലസംരക്ഷണം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കുടിവെള്ള വിതരണം, സാമൂഹിക നീതി, ശുചിത്വം, ഗ്രാമീണ റോഡുകളുടെ സംരക്ഷണം തുടങ്ങിയവയാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍. പദ്ധതികളുടെ ഭാഗമായി ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കല്‍, വാഴകൃഷി വ്യാപിപ്പിക്കല്‍, പമ്പുസെറ്റ് ലഭ്യമാക്കല്‍, ജൈവ പച്ചക്കറി കൃഷിക്ക് സഹായം നല്‍കല്‍, കുടുംബശ്രീ വഴി മുട്ടക്കോഴി വിതരണം, ആടുവളര്‍ത്താനുള്ള ധനസഹായം നല്‍കല്‍, കറവപ്പശുക്കള്‍ക്ക് സൗജന്യമായി വറ്റുകാല തീറ്റ നല്‍കല്‍, പൊതു കിണറുകള്‍ റീചാര്‍ജു ചെയ്യല്‍, പേരയം മാര്‍ക്കറ്റു നവീകരണം തുടങ്ങി അനവധി വികസന പ്രോജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it