wayanad local

പനമരത്ത് അശാസ്ത്രീയ മാലിന്യനിക്ഷേപം



പനമരം: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മാലിന്യനിക്ഷേപകേന്ദ്രം മാത്തൂര്‍വയലിലെ മുളങ്കൂട്ടങ്ങള്‍ക്കിടയില്‍. ശാസ്ത്രിയമായി സംസ്‌കരണം നടത്താതെ അലക്ഷ്യമായി നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ ചെറിയ പുഴയിലേക്കാണ് ഒഴുകി എത്തുന്നത്. ഇതു പകര്‍ച്ചവ്യാധി അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാവുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ടൗണിലെയും പരിസര പ്രദേശങ്ങളിലെയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ യാതൊരു മാനദണ്ഡവും കുടാതെ മാത്തൂര്‍വയലിലെ ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കുന്ന മുളങ്കൂട്ടങ്ങള്‍ക്ക് ഇടയില്‍ നിക്ഷേപിക്കുകയാണിപ്പോള്‍. പഞ്ചായത്തിന് സ്വന്തമായി മാതോത്തുപൊയിലിലെ കാക്കതോടിനു സമീപം മാലിന്യം നിക്ഷേപിക്കാന്‍ സ്ഥലമുണ്ടെങ്കിലും ശാസ്ത്രീയമായി സംസ്‌കരിക്കാതെ മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ഇടപെട്ട് മാലിന്യ നിക്ഷേപം തടഞ്ഞതോടെയാണ് അധികൃതര്‍ മാലിന്യങ്ങള്‍ മാത്തൂര്‍വയലിലേക്ക് നിക്ഷേപിക്കാന്‍ തുടങ്ങിയത്. ട്രാക്ടറില്‍ എത്തിക്കുന്ന മാലിന്യങ്ങള്‍ പരിസരത്ത് മുഴുവന്‍ ചിതറിക്കിടക്കുകയാണ്. മാലിന്യങ്ങള്‍ കുഴിച്ചുമൂടാറുണ്ടങ്കിലും മഴവെള്ളം കയറി സമീപത്തെ പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. പുഴയില്‍ നിന്നും മാലിന്യം കലര്‍ന്ന വെള്ളമാണ് മിക്ക കുടിവെള്ള പദ്ധതികളിലേക്കും പമ്പ് ചെയ്യുന്നത്. ചീഞ്ഞളിഞ്ഞ മാലിന്യങ്ങളില്‍ നിന്നുമുള്ള കടുത്ത ദുര്‍ഗന്ധം മൂലം പനമരം മാത്തൂര്‍വയല്‍ റോഡിലൂടെ യാത്ര ചെയ്യാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. ശാസ്ത്രീയ രിതിയില്‍ മാലിന്യ സംസ്‌കരണത്തിന് നടപടിയെടുക്കാത്ത പഞ്ചായത്തിന്റെ ഓഫിസ് തന്നെ മലിനമയമാണെന്നാണ് ആക്ഷേപം. പരിസരം മുഴുവന്‍ കാടുകയറി കിടക്കുകയാണ്. പഞ്ചായത്ത് ഓഫിസിനുള്ളില്‍ ലിഫ്റ്റ് നിര്‍മാണത്തിന് വേണ്ടി എടുത്ത കുഴിയില്‍ പോലും മാലിന്യം കെട്ടിക്കിടന്ന് കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി.
Next Story

RELATED STORIES

Share it