Flash News

പദ്ധതി രൂപീകരണം വൈകി ; പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടി



തിരുവനന്തപുരം: 2017-18 വാര്‍ഷിക പദ്ധതി രൂപീകരണം വൈകിച്ച പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍വഹണോദ്യോഗസ്ഥര്‍ക്കുമെതിരേ സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ സ്വീകരിച്ചതായി മന്ത്രി ഡോ. കെ ടി ജലീല്‍. മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി രാജശേഖരന്‍ പി കെ, വെട്ടത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി വേലായുധന്‍ വി എന്‍, അസി. എന്‍ജിനീയര്‍ ജസീലാമോള്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അസി. എന്‍ജിനീയറായി നിയമിച്ച ഉണ്ണിക്കൃഷ്ണന്‍ ബി യെ പിരിച്ചുവിട്ടു. ഈ വര്‍ഷത്തെ പ്രോജക്ട് രൂപീകരണവും അംഗീകാരത്തിനുള്ള നടപടികളും മെയ് 31ന് മുമ്പ് പൂര്‍ത്തീകരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനാണ് ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മലപ്പുറം ജില്ലയിലെ കണ്ണമംഗലം, വെട്ടത്തൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളില്‍ മാത്രമാണ് പ്രോജക്ടുകളുടെ ഡാറ്റാ എന്‍ട്രി ആരംഭിക്കുക പോലും ചെയ്യാത്തത്. വിവിധ കാരണങ്ങള്‍ പദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അപേക്ഷ മാനിച്ച് പദ്ധതി അംഗീകാരത്തിനുള്ള സമയം ജൂണ്‍ 15 വരെ നീട്ടിയിട്ടുണ്ട്. ഒരു കാരണവശാലും ഈ സമയം നീട്ടി നല്‍കുന്നതല്ലെന്നും അതിനകം പദ്ധതികള്‍ക്ക് അംഗീകാരം നേടാത്ത തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അവരുടെ പദ്ധതി വിഹിതം നഷ്ടമാവുമെന്നും മന്ത്രി വ്യക്തമാക്കി.
Next Story

RELATED STORIES

Share it