wayanad local

പദ്ധതി പ്രദേശത്ത് 2,777 ഹെക്റ്റര്‍ വയലും 4,030 ഹെക്റ്റര്‍ വനവും



പുല്‍പ്പള്ളി: 4,030 ഹെക്റ്റര്‍ വനവും 2,777 ഹെക്റ്റര്‍ വയലും അടങ്ങുന്നതാണ് വരള്‍ച്ചാ ലഘൂകരണ പദ്ധതി പ്രദേശം. സമഗ്ര തല്‍സ്ഥല ജലസംരക്ഷണ, ജലവിനിയോഗ പരിപാടികളാണ് ഇവിടെ നടപ്പാക്കുന്നത്. ഇത് പ്രദേശത്ത് പരിസ്ഥിതി പുനസ്ഥാപനത്തിനും ജൈവവൈവിധ്യ വികസനത്തിനും ഉതകുമെന്നു നിര്‍വഹണ ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് പറഞ്ഞു. 2017-18 സാമ്പത്തികവര്‍ഷം ആരംഭിച്ച് മൂന്നു വര്‍ഷംകൊണ്ട് പൂര്‍ത്തിയാവുന്ന വിധത്തിലാണ് പദ്ധതി ആസൂത്രണം. നടപ്പുസാമ്പത്തിക വര്‍ഷം 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്- 1.2 കോടി, പനമരം ബ്ലോക്ക് പഞ്ചായത്ത്-20 ലക്ഷം, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകള്‍- 50 ലക്ഷം രൂപ വീതം എന്നിങ്ങനെ ത്രിതല പഞ്ചായത്തുകളുടെ വിഹിതമായി 2.4 കോടി രൂപ പദ്ധതിക്കു വേണ്ടി വിനിയോഗിക്കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.46 ലക്ഷം തൊഴില്‍ദിനങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളെ 2003 മുതല്‍ എല്ലാ വര്‍ഷവും വരള്‍ച്ച ഗ്രസിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് വിവിധ ശാസ്ത്ര-സാങ്കേതിക ഏജന്‍സികള്‍ നടത്തിയ പഠനവും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്, കൃഷിമന്ത്രി വി. സ് സുനില്‍കുമാര്‍ എന്നിവര്‍ സ്ഥലസന്ദര്‍ശനത്തിനുശേഷം നല്‍കിയ നിര്‍ദേശങ്ങളും എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ ഇടപെടലുമാണ് സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയുടെ ആസൂത്രണത്തിനു വഴിയൊരുക്കിയത്. മണ്ണുസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 2016 നവംബര്‍ മുതല്‍ നടത്തിയ സര്‍വേയുടെയും ഫീല്‍ഡ് പരിശോധനയുടെയും കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് പദ്ധതി രൂപപ്പെടുത്തിയത്. കൃഷി, വനം, ക്ഷീരവികസനം, ചെറുകിട ജലസേചനം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വരള്‍ച്ച ലഘൂകരണ പരിപാടിയില്‍ പങ്കാളികളാവുന്നുണ്ട്.
Next Story

RELATED STORIES

Share it