പദ്ധതി നിര്‍വഹണം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍വകാല റെക്കോഡ്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നേറ്റം. സംസ്ഥാനത്തെ 160 ഗ്രാമപ്പഞ്ചായത്തുകളും 7 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി വിഹിതവും ചെലവഴിച്ചു.
6 നഗരസഭകളും കൊല്ലം കോര്‍പറേഷനും മുഴുവന്‍ പദ്ധതി തുകയും ചെലവഴിച്ചു. 83.77 ശതമാനമാണ് ഈ വര്‍ഷത്തെ സംസ്ഥാന ശരാശരി. പെന്റിങ് ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ ഇത് 90.13 ശതമാനമാവും. ഇത് സര്‍വകാല റെക്കോഡാണ്. 60.78 ശതമാനമായിരുന്നു മുന്‍ വര്‍ഷത്തെ ചെലവ്. വകയിരുത്തിയ 6194.65 കോടി രൂപയില്‍ 5583.35 കോടിയും ചെലവഴിച്ചാണ് ഈ നേട്ടം. ഗ്രാമപ്പഞ്ചായത്തുകള്‍ 89.17 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 87.64 ശതമാനവും ജില്ലാ പഞ്ചായത്തുകള്‍ 69.28 ശതമാനവും തുക ചെലവഴിച്ചു. 90.14 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പെന്റിങ് ബില്ലുകള്‍ കൂടി ചേര്‍ത്താല്‍ ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88.07 ശതമാനവും ജില്ലാ പഞ്ചായത്തുകളുടേത് 71.5 ശതമാനവും ആവും. സംസ്ഥാനത്തെ 287 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 90 ശതമാനത്തിനു മുകളില്‍ ചെലവു വരുത്തി. സാമ്പത്തിക വര്‍ഷാന്ത്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇത്ര ഉയര്‍ന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. 2014-15ല്‍ 68.21ഉം 15-16ല്‍ 73.61ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016-17ല്‍ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങള്‍ക്കിടയിലും 67.08 ശതമാനത്തില്‍ എത്തിക്കാന്‍ സംസ്ഥാനത്തിനായി. ഈ നേട്ടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് 90.13 ശതമാനമെന്ന റെക്കോഡ് നേട്ടം സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കൈവരിക്കുന്നത്. ഈവര്‍ഷത്തെ റവന്യൂ പിരിവിന്റെ കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. 1,200 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ 1147 എണ്ണവും, 2018-19ലെ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനു സമര്‍പ്പിച്ചു കഴിഞ്ഞു. ഇതും മറ്റൊരു സര്‍വകാല റെക്കോഡാണ്.
Next Story

RELATED STORIES

Share it