kozhikode local

പദ്ധതി നടത്തിപ്പിലെ അപാകത; കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് 21 ലക്ഷം നഷ്ടം

കോഴിക്കോട്: പദ്ധതി നടത്തിപ്പിലെ അപാകതകളും ക്രമക്കേടുകളും മൂലം കൊയിലാണ്ടി മുനിസിപ്പാലിറ്റിക്കു 2013-14 കാലയളവില്‍ 2105477 രൂപയുടെ നഷ്ടമുണ്ടായതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപോര്‍ട്ട്. വരവിനങ്ങളിലെ നഷ്ടം 172627 രൂപയും ചെലവിനങ്ങളിലെ നഷ്ടം 1932850 ഉം ഓഡിറ്റില്‍ തടസ്സപ്പെടുത്തിയ തുക 3483106 രൂപയുമാണ്. ഓഡിറ്റിന്റെ ഭാഗമായി 60 അന്വേഷണ കുറിപ്പുകള്‍ നല്‍കിയപ്പോള്‍ ഒമ്പത് എണ്ണത്തിന് മാത്രമാണ് മുനിസിപ്പാലിറ്റിയില്‍ നിന്ന് മറുപടി നല്‍കിയിട്ടുള്ളൂ. ചട്ടങ്ങള്‍ പാലിക്കാതെ വ്യാപാരികളില്‍ നിന്ന് കുറഞ്ഞ തൊഴില്‍ നികുതി ഈടാക്കുന്നുവെന്നും ഓഡിറ്റ് നിരീക്ഷിക്കുന്നു.
സിബിഎസ്ഇ സ്‌കൂള്‍ ജീവനക്കാരില്‍ നിന്നും തൊഴില്‍ നികുതി കുറവാണ് ഈടാക്കുന്നത്, മരാമത്ത് പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരില്‍ നിന്നും തൊഴില്‍ നികുതി ഈടാക്കാത്തിനാല്‍ 70000 രൂപയുടെ നഷ്ടമുണ്ടായി, ഷോപ്പിങ് കോംപ്ലക്‌സിലെ ചില മുറികളില്‍ നിന്ന് വാടക ഈടാക്കാത്തതിനാല്‍ 102027 രൂപ നഷ്ടമുണ്ടായി എന്നും കണ്ടെത്തിയിട്ടുണ്ട്. അധികാരപരിധിയിലേക്ക് കൊണ്ടുവന്ന തടികള്‍ക്ക് നികുതി ഈടാക്കുന്നുമില്ല.
നടപടി ക്രമങ്ങളിലെ കാലതാമസം മൂലം പരസ്യനികുതി വരുമാനം കുറഞ്ഞതായും റിപോര്‍ട് നിരീക്ഷിക്കുന്നു. 2013-14 കാലയളവില്‍ 16500 രൂപയാണ് നഷ്ടമുണ്ടായത്. മുനിസിപ്പല്‍ പരിധിയില്‍ എത്ര ബോര്‍ഡുകള്‍ ഉണ്ടെന്നു അറിയില്ല. പരസ്യനികുതി പിരിക്കുന്നതിനായി തയ്യാറാക്കിയ ബൈലോയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ നിരക്ക് അടിസ്ഥാനപ്പെടുത്തിയല്ല പരസ്യനികുതി ലേലത്തിന് തുക നിശ്ചയിച്ചിട്ടുള്ളത്. ഈ ബൈലോക്കു സര്‍ക്കാരിന്റെഅംഗീകാരവുമില്ലാത്തതിനാല്‍ വിശദീകരണം വേണമെന്ന് റിപോര്‍ട് ആവശ്യപ്പെടുന്നു. ഓഡിറ്റ് വര്‍ഷത്തില്‍ 15.79 കോടി വകയിരുത്തി 297 പദ്ധതികള്‍ക്ക് അംഗീകാരം നേടിയെങ്കിലും 58 പദ്ധതികള്‍ക്കു തുകയൊന്നും വിനിയോഗിച്ചില്ല. പ്രൊജക്ടുകള്‍ക്ക് അംഗീകാരം നേടുന്നതില്‍ കാലതാമസം നേരിട്ടതായി റിപോര്‍ട്ട് പറയുന്നു. വികസന സ്വഭാവമുള്ള പ്രവൃത്തികള്‍ പ്രൊജക്ട് തയ്യാറാക്കാതെ നിര്‍വ്വഹിച്ചു. തനത് ഫണ്ട് ലഭ്യമായ തുക വകയിരുത്തിയില്ല.
297 പദ്ധതികള്‍ക്ക് അംഗീകാരം നേടിയപ്പോള്‍ അതില്‍ 196 എണ്ണവും പൊതുമരാമത്ത് മേഖലയിലായിരുന്നു. ഇത് മൂലം അസി.എഞ്ചിനീയര്‍ക്കു മേല്‍ വലിയ ഉത്തരവാദിത്തമുണ്ടായി. വിദ്യാലയങ്ങളില്‍ കായിക പരിശീലനങ്ങള്‍ക്കു വിദ്യഭ്യാസ കായിക വകുപ്പുകളുടെ ചുമതലകളിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി പദ്ധതി രൂപീകരിച്ചു നടപ്പാക്കിയെന്നു ഓഡിറ്റ് കുറ്റപ്പെടുത്തുന്നു. ഇതിനാല്‍ ഒരു ലക്ഷം രൂപ പദ്ധതി നടത്തിപ്പുകാരനായ ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സകൂള്‍ പ്രിന്‍സിപ്പളില്‍ നിന്നും മറ്റു ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കണം.
ഖരമാലിന്യ നിര്‍മാര്‍ജനത്തിനായി ലഭിച്ച കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചു, സര്‍ക്കാര്‍ മാര്‍ഗരേഖക്കു വിരുദ്ധമായി കംപോസ്റ്റ് യൂനിറ്റുകള്‍ സ്ഥാപിച്ചു, വിദ്യാലയങ്ങളിലേക്കും മുന്‍സിപ്പാലിറ്റി ഓഫിസിലേക്കും ഫര്‍ണീച്ചര്‍ വാങ്ങിയത് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ കൂടുതലായതിനാല്‍ 237005 രൂപയുടെ നഷ്ടമുണ്ടായി, നാലു റോഡുകളുടെ അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് കുറഞ്ഞ ടെന്‍ഡര്‍ സ്വീകരിക്കുന്നതില്‍ വീഴ്ച്ച വന്നതിനാല്‍ 195485 രൂപയുടെ നഷ്ടമുണ്ടായി, പയര്‍വീട്ടില്‍ അംഗനവാടി, പാലൊളി അംഗനവാടി, നെല്ല്യാടിക്കടവ് അംഗനവാടി, മന്ദമംഗലം അംഗനവാടി പുനരുദ്ധാരണത്തില്‍ 70196 രൂപ നഷ്ടമുണ്ടായി.
മഴക്കാല പൂര്‍വ്വശുചീകരണത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള് പാലിക്കാത്തതും മറ്റു അപാകതകളും മൂലം ചെലവാക്കിയ 712000 രൂപ ഓഡിറ്റ് തടസത്തില്‍ വക്കുന്നു. ഹോമിയോ ആശുപത്രിയില്‍ ഫിസിയോ തെറാപ്പി യൂനിറ്റ് സ്ഥാപിക്കുന്നതില്‍ വീഴ്ച്ച വന്നതിനാല്‍ മൂന്നു ലകഷം രൂപയും തടസത്തില്‍ വച്ചു. 2008-09 കാലയളവില്‍ ദാരിദ്ര്യനിര്‍മാര്‍ജന ഫണ്ടായി 620000 രൂപ അനുവദിച്ചതിന് ശേഷം ഇതുവരെ ഒരു തുകയും അനുവദിച്ചിട്ടില്ലെന്നു ഓഡിറ്റ് കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it