wayanad local

പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്നു പരാതി

കല്‍പ്പറ്റ: അഴിമതിരഹിതവും സുതാര്യവുമായി നടപ്പാക്കിവന്ന സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി റവന്യൂവകുപ്പ് അട്ടിമറിക്കുന്നതായി ആക്ഷേപം. വയനാട് വന്യജീവി സങ്കേതത്തിലെ പുനരധിവാസ പദ്ധതി അട്ടിമറിക്കാന്‍ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തുന്നതായി വയനാട് വന്യജീവി കേന്ദ്ര കര്‍ഷക ക്ഷേമസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ കലക്ടറും പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാവുമ്പോഴും ചില ഉദ്യോഗസ്ഥര്‍ അവരെ നോക്കുകുത്തിയാക്കുകയാണ്. 25 കോടിയിലധികം കലക്ടറുടെ അക്കൗണ്ടിലുണ്ടായിട്ടും കഴിഞ്ഞ ഒരു വര്‍ഷമായി പുനരധിവാസം നടന്നിട്ടില്ല. ജില്ലാ ഇംപ്ലിമെന്റിങ് കമ്മിറ്റി തീരുമാനമെടുത്തിട്ടും സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച് പണം റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരിക്കയാണ്. നരിമാന്തിക്കൊല്ലി, ഈശ്വരക്കൊല്ലി സെറ്റില്‍മെന്റുകളുടെ പുനരധിവാസത്തിന് ട്രൈബല്‍വകുപ്പ് ഏഴരകോടി നല്‍കിയിട്ട് മൂന്നര വര്‍ഷമായിട്ടും നരിമാന്തിക്കൊല്ലിയിലെ എട്ടുപേര്‍ക്ക് മാത്രമാണ് പണം നല്‍കിയത്. ചെട്ട്യാലത്തൂരില്‍ 23 കോടി അനുവദിച്ചിട്ട് ഒരു വര്‍ഷമായി. എന്നാല്‍, ഒരാള്‍ക്കു പോലും പണം നല്‍കിയിട്ടില്ല. നരിമാന്തിക്കൊല്ലിയിലെ 28 യോഗ്യതാ കുടുംബങ്ങളില്‍ എട്ടുപേര്‍ക്ക് മാത്രമാണ് പണം നല്‍കിയത്. മാനന്തവാടി എംഎല്‍എ ഇടപെട്ടതോടെ 12 പേര്‍ക്ക് കൂടി നല്‍കാന്‍ തീരുമാനിച്ചു. ബാക്കിയുള്ളവര്‍ക്ക് നല്‍കണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേകാനുമതി വേണമെന്നാണ് അധികാരികള്‍ പറയുന്നത്. അന്തിമ നിര്‍ണയ ദിനത്തില്‍ ഇവര്‍ വീടുകളിലില്ലെന്ന ഇവരുടെ വാദം തെറ്റാണ്. താമസക്കാരാണെന്ന മുഴുവന്‍ രേഖകളും കാട്ടാനകള്‍ തകര്‍ത്ത വീടുകളുടെ കെട്ടിടാവശിഷ്ടങ്ങളുമുണ്ട്. ഇത്തരത്തില്‍പ്പെട്ടവര്‍ക്ക് പുനരധിവാസം നടപ്പാക്കിയ മറ്റു ഗ്രാമങ്ങളിലും പുനരധിവാസം നല്‍കിയിട്ടുണ്ട്. നരിമാന്തിക്കൊല്ലിയിലും ഈശ്വരന്‍കൊല്ലിയിലും മടങ്ങിയെത്തിയവര്‍ക്ക് ജില്ലാ ഭരണകൂടവും വനംവകുപ്പും സുരക്ഷ ഉറപ്പുവരുത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ചെട്ട്യാലത്തൂരിലെ കര്‍ഷകര്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് സകല രേഖകളും വനംവകുപ്പിന് നല്‍കിയിട്ട് ഒരുവര്‍ഷം തികയുകയാണ്. വനംവകുപ്പ് മുഴുവന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും ജില്ലാ ഇംപ്ലിമെന്റിങ് കമ്മിറ്റി മൂന്നുമാസം മുമ്പ് തീരുമാനമെടുത്തിട്ടും റവന്യൂ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം പണം നല്‍കാതെ താമസിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു. പ്രസിഡന്റ് കുറിച്യാട് രാഘവന്‍, സെക്രട്ടറി തോമസ് പട്ടമന, ഖജാഞ്ചി സജീവന്‍ കാട്ടിക്കുളം, രാഘവന്‍ നരിമുണ്ടക്കൊല്ലി, രാജേഷ് നരിമുണ്ടക്കൊല്ലി പങ്കെടുത്തു.
Next Story

RELATED STORIES

Share it