പദ്ധതിയുടെ കരട് തയ്യാറായി: പോലിസുകാര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി; ടെന്‍ഡര്‍ അടുത്തമാസം

പി പി ഷിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ഉറപ്പാക്കുന്നതിനും അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം ഏര്‍പ്പെടുത്തുന്നതിനും പരിക്കേറ്റവര്‍ക്ക് ധനസഹായം ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനും ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തുന്നു. ആഭ്യന്തര-വിജിലന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ജനുവരിയില്‍ ആരംഭിക്കും.
പദ്ധതിയുടെ കരട് ഇതിനോടകം പൂര്‍ത്തിയായതായി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായി വരുന്ന പുറംരോഗ ചികില്‍സ, ആശുപത്രിയില്‍ കിടത്തിച്ചികില്‍സ, ശസ്ത്രക്രിയ തുടങ്ങിയവയ്ക്കായി ആധുനികവും ഗുണനിലവാരവുമുള്ള ചികില്‍സാ മാര്‍ഗങ്ങള്‍ സുഗമമാക്കാനും ഇന്‍ഷുറന്‍സ് കമ്പനി വഴി സംസ്ഥാനത്തെ വിവിധ ആശുപത്രികളുമായി സഹകരിച്ച് വളരെ വേഗത്തില്‍ മതിയായ ചികില്‍സ നല്‍കുകയുമാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.
ഇതോടൊപ്പം വാഹനാപകടങ്ങള്‍ അടക്കമുള്ളവയില്‍പ്പെട്ട് മരണമടയുന്നവരുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും ആവശ്യമായ നഷ്ടപരിഹാരം ഉള്‍പ്പെടെ ലഭ്യമാകുന്ന തരത്തിലുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. കരട് രേഖയ്ക്ക് അഡീഷനല്‍ ചീഫ് സെക്രട്ടറി, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവരുടെയും മന്ത്രിസഭയുടെയും അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ഡ്യൂട്ടിക്കിടയില്‍ പരിക്കേല്‍ക്കുന്ന പോലിസുകാര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാറുണ്ട്. അപകടത്തില്‍ മരണപ്പെടുന്നവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും സര്‍ക്കാര്‍ നേരിട്ട് നല്‍കുന്നു.
പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കുന്നതോടെ പോലിസ് സേനാംഗങ്ങള്‍ക്കുള്ള രോഗങ്ങള്‍, ഡ്യൂട്ടിയിതര പരിക്കുകള്‍, ശസ്ത്രക്രിയകള്‍ എന്നിവയ്ക്കും സഹായം ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ചികില്‍സകള്‍ക്ക് മുന്‍കൂറായി ധനസഹായം ലഭിക്കുമെന്നതും പ്രത്യേകതയാണ്. 20 കോടിയാണ് പദ്ധതിക്കായി സര്‍ക്കാരില്‍ നിന്നുലഭിക്കുന്നത്. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഓരോ ജീവനക്കാരനും ഉദ്യോഗസ്ഥനും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സ്‌കീമിലും ഒരു എല്‍ഐസി പോളിസിയിലും അംഗമായിരിക്കും.
Next Story

RELATED STORIES

Share it