kozhikode local

പദ്ധതിയിലും നികുതിയിലും നൂറ്; മാലിന്യ നീക്കത്തില്‍ ഒന്നാമത്

കുറ്റിക്കാട്ടൂര്‍: 2017-18 വര്‍ഷത്തില്‍  പെരുവയല്‍ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കിയ നേട്ടങ്ങളേറെ. നികുതി പിരിവില്‍ 100 ശതമാനം നേട്ടം കൈവരിച്ചതിന് പിന്നാലെ പദ്ധതിച്ചെലവിലും ഗ്രാമപ്പഞ്ചായത്ത് 100 ശതമാനത്തിലെത്തി. 2017-18 വര്‍ഷത്തില്‍ ഇരട്ട നേട്ടം കൈവരിച്ച പഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌ക്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ തദ്ദേശ മന്ത്രി കെ ടി ജലീലില്‍ നിന്നും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ പി കെ ഷറഫുദ്ദീന്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍ രാജേഷ് എന്നിവര്‍ ഏറ്റുവാങ്ങി.
കേരളോല്‍സവം മികച്ച രീതിയില്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ പുരസ്‌ക്കാരവും ഈ വര്‍ഷം പെരുവയലിന് ലഭിച്ചിരുന്നു. ജില്ലയില്‍ 100 ശതമാനം നികുതി പിരിച്ചെടുത്ത പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ നികുതിയുള്ള പഞ്ചായത്താണ് പെരുവയല്‍. പദ്ധതിച്ചെലവില്‍ 100 ശതമാനത്തിലെത്തിയ ജില്‍യിലെ പഞ്ചായത്തുകളില്‍ ഏറ്റവുമധികം ബജറ്റ് വിഹിതമുള്ള പഞ്ചായത്തുമാണ് പെരുവയല്‍. അതിനാല്‍ തന്നെ പെരുവയലിന്റെ നേട്ടത്തിന് തിളക്കമേറെയാണ്.
ഇതാദ്യമായാണ് ഒരേ വര്‍ഷം പെരുവയല്‍ ഇരട്ട നേട്ടം സ്വന്തമാക്കുന്നത്. മികച്ച ആസൂത്രണത്തിലൂടെയാണ് പെരുവയല്‍ നേട്ടം സ്വന്തമാക്കിയതെന്ന് പ്രസിഡന്റ്് വൈ വി ശാന്ത പറഞ്ഞു.
നിശ്ചിത സമയത്തിനകം നികുതി കുടിശ്ശിക മുഴുവന്‍ പിരിച്ചെടുക്കുകയുണ്ടായി. മാര്‍ച്ച് 20ന് മുമ്പായി നടപ്പു വര്‍ഷത്തെത് ഉള്‍പ്പെടെ മുഴുവന്‍ നികുതിയും പിരിച്ചെടുക്കുന്നതിനും സാധിച്ചു. വാര്‍ഡ് തലത്തില്‍ പ്രത്യേക ക്യാംപുകളിലൂടെയും നവമാധ്യമങ്ങള്‍ വഴിയുള്ള പ്രചണങ്ങളിലൂടെയുമാണ്  നികുതി പിരിവ് ഊര്‍ജ്ജീതമാക്കിയത്. തൊഴില്‍ നികുതിയും പൂര്‍ണ്ണമായും പിരിച്ചെടുക്കുകയുണ്ടായി.
പദ്ധതി ചെലവില്‍ മികച്ച നേട്ടമാണ് പഞ്ചായത്ത് സ്വന്തമാക്കിയത്. പൊതുവിഭാഗത്തി ല്‍ 1,84,13,458 രൂപയും  പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റില്‍ 94,84,198 രൂപയും പട്ടികജാതി വിഭാഗം ഫണ്ടില്‍ 78,58,137 രൂപയും ലോകബാങ്ക് ധനസഹായത്തില്‍ 24,97,404 രൂപയും ഗ്രാമപ്പഞ്ചായത്ത് ചെലവഴിക്കുകയുണ്ടായി. മുഖ്യധാര പദ്ധതി ഉള്‍പ്പെടെയുള്ള വേറിട്ട നിരവധി പദ്ധതികള്‍ ഇത്തവണ ഗ്രാമപ്പഞ്ചായത്ത് നടപ്പാക്കിയിരുന്നു.
ഹരിതകര്‍മ്മ സേനയെ ഉപയോഗിച്ച് മാലിന്യ നീക്കം നടത്തുന്ന പദ്ധതിക്കും പഞ്ചായത്ത് തുടക്കമിട്ടു.  ലൈഫ് ഭവന പൂര്‍ത്തീകരണ പദ്ധതിയും പൂര്‍ണ്ണമായും നടപ്പാക്കാന്‍ സാധിച്ചു. നിരവധി റോഡുകള്‍ നവീകരിക്കുകയും അംഗനവാടികള്‍ക്ക് പുതിയ കെട്ടിടവും നിലവിലുള്ളവയുടെ നവീകരണവും നടപ്പാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ, കാര്‍ഷിക, മൃഗസംരക്ഷണ മേഖലയിലും നിരവധി പദ്ധതികള്‍ നടപ്പാക്കുകയുണ്ടായി. മാമ്പുഴ ഭൂമി സര്‍വ്വെ നടത്തി തിട്ടപ്പെടുത്തുകയും ഈ സ്ഥലത്തെ മരങ്ങളിലെ ഫലങ്ങള്‍ ടെണ്ടര്‍ നടത്തുകയുമുണ്ടായി.
Next Story

RELATED STORIES

Share it