Flash News

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ : സാമൂഹിക പ്രത്യാഘാതങ്ങള്‍ കണ്ടെത്താന്‍ പഠനം നടത്തുന്നു



തിരുവനന്തപുരം: പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നിശ്ചിത പ്രദേശങ്ങളില്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടും സാമൂഹിക പ്രത്യാഘാതങ്ങളും കണ്ടെത്തി പരിഹാരം കാണാന്‍ സര്‍ക്കാര്‍ പഠനം നടത്തുന്നു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരത്തേ കണ്ടെത്തി പരിഹാരമാര്‍ഗങ്ങള്‍ കൂടി മുന്‍കൂര്‍ ആസൂത്രണം ചെയ്താല്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു നടപടി. സ്വകാര്യ ഏജന്‍സികള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവരെ നിയോഗിച്ച് പഠന റിപോര്‍ട്ടും നിര്‍ദേശങ്ങളും ലഭ്യമാക്കുകയാണ് ആദ്യപടി. കേരളത്തിലെ പല പ്രദേശങ്ങളിലും വന്‍ വികസനവും പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴിലവസരങ്ങളും കൊണ്ടുവരുന്ന പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് ജോലികള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും സാമൂഹികസഹകരണം ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി റവന്യൂ വകുപ്പ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ കേന്ദ്രനിയമം അധ്യായം രണ്ടിലെ നിര്‍ദേശങ്ങളാണു പഠനത്തിന് മാനദണ്ഡമാക്കേണ്ടത്. പഠനത്തില്‍ കണ്ടെത്തുന്ന പ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗങ്ങളും നിര്‍ദേശങ്ങളും റിപോര്‍ട്ടില്‍ സമര്‍പ്പിക്കണം. ഇതിനായി അപേക്ഷകരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പാനല്‍ തയ്യാറാക്കും. മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനമൊട്ടാകെയോ ഭാഗികമായോ പാനലില്‍ ഉള്ളവരെ പഠനച്ചുമതല ഏല്‍പ്പിക്കും. ജീവനക്കാരുടെ വേതനം, സാങ്കേതിക ഉപകരണങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും വേണ്ടിവരുന്ന ചെലവ് എന്നിവ സര്‍ക്കാര്‍ നല്‍കുമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ ടി ജെയിംസ് അറിയിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ

www.clrkeral a.gov. inഎന്ന വെബ്‌സൈറ്റില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യൂ വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. പ്രവൃത്തിപരിചയം, സാങ്കേതികജ്ഞാനം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 10ന് വൈകീട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം.
Next Story

RELATED STORIES

Share it