palakkad local

പദ്ധതികള്‍ ഫലം കണ്ടില്ല: കുടിവെള്ളത്തിനായി നെട്ടോട്ടം

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്:കുടവെള്ളം നല്‍കുന്നതിനായി ലക്ഷങ്ങള്‍ ചിലവിട്ട് മല്‍സരിച്ച് നടപ്പിലാക്കിയ കുഴല്‍ക്കിണര്‍ കുടിവെളള പദ്ധതികളൊന്നും ഫലം കാണാഞ്ഞതോടെ വീട്ടമ്മമാര്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.
മുതലമട പഞ്ചായത്തില്‍ പറമ്പിക്കുളം ഒഴികെ 19 വാര്‍ഡുകളിലായി 30 ല്‍ അധികം കുഴല്‍ക്കിണര്‍ പദ്ധതികളാണ് 2015ല്‍ നടപ്പിലാക്കിയത്. എന്നാല്‍ വേനലിന്റെ അറുതിയില്‍ കുടിവെള്ളം ലഭിക്കാഞ്ഞ് ലക്ഷങ്ങള്‍ പാഴാക്കിയ പദ്ധതികള്‍ നോക്കുകുത്തിയാവുകയാണ്. ഭൂഗര്‍ഭ ജലവിതാനം താഴ്ന്നതോടെ പഞ്ചായത്തില്‍ നടപ്പിലാക്കിയ പദ്ധതികളിലൂടെ കുടി വെള്ളം ലഭിക്കാത്ത സ്ഥിതി തുടരുകയാണ്.
തിരഞ്ഞെടുപ്പ് അടുത്തതോടെ നിയമ പ്രശ്‌നം പറഞ്ഞ് കുടിവെള്ളം എത്തിക്കാന്‍ വിമുഖത കാണിക്കുകയാണ് റവന്യൂ വകുപ്പ്.
കുടിവെള്ളം കോളനികളില്‍ എത്തിച്ചു നല്‍കാനോ ചെറിയ വാഹനങ്ങളില്‍ ഉള്‍ഭാഗങ്ങളില്‍ വിതരണം ചെയ്യാനോ തയ്യാറാകുന്നില്ല.
കുടിവെളം ലഭിക്കാത്തതിനാല്‍ വരള്‍ച്ചാ ബാധ്യത പ്രദേശമായി പ്രഖ്യാപനമുണ്ടാക്കി കൂടുതല്‍ ഫണ്ടുകള്‍ തട്ടിയെടുക്കാനാണ് ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടുകള്‍ക്കായി ഹീനമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു പകരം കുടിവെള്ളം ഇല്ലാത്ത ഗ്രാമപ്രദേശങ്ങളില്‍ മെമ്പര്‍മാര്‍ മുഖേന വില്ലേജ് ഓഫീസര്‍ക്ക് നല്‍കുന്ന സ്ഥലങ്ങളാല്‍ അടിയന്തിരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടി ജില്ലാ ഭരണകൂടം എടുക്കേണ്ടതാണ്.
തിരഞ്ഞെടുപ്പിനു വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ മണ്ഡലങ്ങളില്‍ ലക്ഷങ്ങള്‍ കോടികള്‍ ചിലവഴിക്കുമ്പോള്‍ ഒരു തുള്ളി വെള്ളം വിതരണം ചെയ്യാന്‍ ഇവര്‍ക്കാകുന്നില്ല.
ജില്ലാതലത്തില്‍ കുടിവെള്ളം വിതരണ സഹായ നിധി രൂപീകരിക്കുകയോ ഇതിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഹായനിധികള്‍ സംഭാവന ചെയ്ത് കുടിവെള്ളം ലഭിക്കാത്ത ഗ്രാമങ്ങളില്‍ എത്രയും വേഗം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധരാകണമെന്നാണ് നാട്ടുകാരുടെ പ്രധാനാവശ്യം.
Next Story

RELATED STORIES

Share it