Idukki local

പദ്ധതികള്‍ നിരവധി : വലസിപ്പെട്ടിക്കുടി നിവാസികള്‍ക്ക് റോഡില്ല



മൂന്നാര്‍: ഗതാഗത യോഗ്യമായ റോഡില്ലാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ് വട്ടവട പഞ്ചായത്തിലെ വലസിപ്പെട്ടികുടി നിവാസികള്‍. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളടക്കം പതിനഞ്ച് കിലോമീറ്ററോളം കാട്ടുപാതയിലൂടെ കാല്‍നടയായി സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവര്‍. കുണ്ടും കുഴിയും ചളിയും നിറഞ്ഞ കൂപ്പുറോട്ടിലൂടെയാണ് ജീപ്പ് കടന്നുപോകുന്നത്. വട്ടവടയില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകലെയുള്ള വലസിപ്പെട്ടിക്കുടിയിലേക്കുള്ള റോഡാണിത്. ജീപ്പുകള്‍ മാത്രം കടന്നുപോകുന്ന ഈറോഡിലുടെ രണ്ട് മണിക്കൂറോളം വേണം കുടിയിലെത്താന്‍. ആശുപത്രി ആവശ്യങ്ങള്‍ക്കടക്കം പുറംലോകവുമായി കുടിനിവാസികള്‍ക്ക് ബന്ധപ്പെടുന്നതിനുള്ള ഏക റോഡും ഇതു മാത്രം. നിലവിലുള്ള റോഡിലൂടെ കാല്‍നട പോലും സാധ്യമാകാത്ത തരത്തിലാണ്. മഴയും കാറ്റും ശക്തമാകുന്ന സമയത്ത് ഇതുവഴി യാത്രചെയ്യാന്‍ പറ്റാത്തതിനാല്‍ അദ്ധ്യയന വര്‍ഷത്തില്‍ പകുതിപോലും കുട്ടികള്‍ക്ക് സ്‌കൂളില്‍ എത്തുവാന്‍ കഴിയാത്ത സാഹചര്യമാണ്. വന്യമൃഗങ്ങളടക്കമുള്ള കാട്ടുപാതയിലൂടെ സഞ്ചരിക്കുക  വലിയ ബുദ്ധിമുട്ടാണെന്ന് വിദ്യാര്‍ത്ഥികളും പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കാട്ടുപാതകള്‍ താണ്ടി വാഗ്ദാനങ്ങളുമായി പലരും കുടിയിലേക്ക് എത്തും. എന്നാല്‍, ഇതിനുശേഷം ഒരാള്‍പോലും ഇവിടേക്ക് എത്താറില്ല. അതുകൊണ്ട് തന്നെ യാത്രായോഗ്യമായ റോഡെന്ന കുടി നിവാസികളുടെ സ്വപ്‌നം ഇന്നും ബാക്കിയാണ്.
Next Story

RELATED STORIES

Share it