പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിക്കു ഭീഷണി

തളിപ്പറമ്പ്: തദ്ദേശ  തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ചു കയറിയ സംഘം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നു പരാതി. കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറിയും നഗരസഭാ കൂവോട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ രഞ്ജിത്തിന്റെ പൂക്കോത്ത് തെരുവിലെ വീട്ടില്‍ ഇക്കഴിഞ്ഞ ദിവസമാണു സംഭവം. രഞ്ജിത്തിനെ വിളിച്ചിറക്കി പുറത്തേക്കു കൊണ്ടുപോയ സംഘം കഴുത്തില്‍ കൊടുവാള്‍ വച്ച് പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മാതാവ് കാര്‍ത്യായനിയെയും ഭാര്യ സില്‍ജയെയും ഒന്നരവയസ്സുള്ള മകന്‍ അലനെയും ഭീഷണിപ്പെടുത്തി.

വീട്ടുകാരുടെ നിലവിളി കേട്ടെത്തിയ പരിസരവാസികളെ വടിവാള്‍ വീശി വിരട്ടിയോടിച്ച സംഘത്തില്‍ 25ഓളം പേര്‍ ഉണ്ടായിരുന്നതായി രഞ്ജിത്ത് പോലിസിനോടു പറഞ്ഞു. സിപിഎമ്മുകാരാണ് ഭീഷണിപ്പെടുത്തിയതെന്നാണു പരാതി. എന്നാല്‍, സംഭവവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് സിപിഎം ഏരിയാ കമ്മിറ്റി അറിയിച്ചു. സംഭവമറിഞ്ഞ് രാത്രി തന്നെ കെപിസിസി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി, കോണ്‍ഗ്രസ് നേതാക്കളായ കെ രമേശന്‍, കെ നിഷ, സി വി ഉണ്ണി എന്നിവര്‍ രഞ്ജിത്തിന്റെ വീട്ടിലെത്തിയിരുന്നു.
Next Story

RELATED STORIES

Share it