പത്രിക നിരസിക്കാനുള്ള കാരണങ്ങള്‍

ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ അംഗമാകാന്‍ സ്ഥാനാര്‍ഥി നിയമാനുസൃതം യോഗ്യനല്ലെന്നോ ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്ന കാര്യത്തില്‍ അയോഗ്യനാണെന്നോ വ്യക്തമായാല്‍ നാമനിര്‍ദേശപത്രിക നിരസിക്കും. വിജ്ഞാപനം ചെയ്യപ്പെട്ട ദിവസങ്ങളില്‍ മൂന്നു മണിക്ക് ശേഷം സമര്‍പ്പിക്കാന്‍ പാടില്ല. സ്ഥാനാര്‍ഥിക്കോ അല്ലെങ്കില്‍ അദ്ദേഹത്തെ നാമനിര്‍ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കരുത്.  നാമനിര്‍ദേശപത്രിക നിശ്ചിത 2ാം നമ്പര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിക്കേണ്ടതാണ്. പത്രികയില്‍ സ്ഥാനാര്‍ഥിയും നാമനിര്‍ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം.

സ്ഥാനാര്‍ഥി മല്‍സരിക്കുന്ന തദ്ദേശസ്ഥാപനത്തിലെ നിയോജകമണ്ഡലത്തിലെ വോട്ടര്‍ ആയിരിക്കുകയും നാമനിര്‍ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ഥി മല്‍സരിക്കുന്ന വാര്‍ഡിലെ വോട്ടറും ആയിരിക്കണം. ഒരാള്‍ ഒരു തദ്ദേശസ്ഥാപനത്തിലെ ഒന്നിലധികം വാര്‍ഡുകളില്‍ നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ പാടില്ല. വനിതകള്‍ക്കോ പട്ടികജാതി-വര്‍ഗത്തിനോ ആയി സംവരണം ചെയ്തിട്ടുള്ള നിയോജകമണ്ഡലത്തിലേക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്. നാമനിര്‍ദേശപത്രികയില്‍ വയസ്സ് കൃത്യമായി രേഖപ്പെടുത്തണം.

സ്ഥാനാര്‍ഥി വേറെ ഏതെങ്കിലും വാര്‍ഡിലെ സമ്മതിദായകനായിരിക്കുന്നിടത്ത് ബന്ധപ്പെട്ട വോട്ടര്‍ പട്ടികയോ പ്രസക്ത ഭാഗമോ പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദേശപത്രികക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മ പരിശോധനാ സമയത്തോ ഹാജരാക്കണം. തള്ളിയ പത്രികകളെ സംബന്ധിച്ച് ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ഥി ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്. സ്വീകരിക്കപ്പെട്ട പത്രികകളുടെ കാര്യത്തില്‍ അവ സ്വീകരിക്കാനിടയായ കാരണങ്ങള്‍ വരണാധികാരി വ്യക്തമാക്കണമെന്നില്ല.
Next Story

RELATED STORIES

Share it