പത്രങ്ങളില്‍ ചരമപരസ്യം നല്‍കിയ ശേഷം വയോധികന്‍ അപ്രത്യക്ഷനായി

കണ്ണൂര്‍: പത്രങ്ങളില്‍ സ്വന്തം ചരമപരസ്യം നല്‍കിയ ശേഷം തളിപ്പറമ്പ് സ്വദേശി അപ്രത്യക്ഷനായി. കുറ്റിക്കോലില്‍ താമസിക്കുന്ന ജോസഫ് മേലുകുന്നേല്‍ (75) ആണ് ഇന്നലെ രാവിലെ പയ്യന്നൂര്‍ ടൗണിലെ പെരുമാള്‍ ടൂറിസ്റ്റ് ഹോമില്‍ നിന്നു സ്ഥലംവിട്ടത്. ഒരു വിവാഹാവശ്യത്തിന് എത്തിയതാണെന്നു പറഞ്ഞ് ഇക്കഴിഞ്ഞ 26നു മുറിയെടുത്തതായിരുന്നു ഇയാള്‍. എം എം ജോസഫ്, മേലുകുന്നേല്‍, കടുത്തുരുത്തി, പിഒ കോട്ടയം എന്ന വിലാസമാണ് ഫോണ്‍നമ്പര്‍ സഹിതം ലോഡ്ജില്‍ നല്‍കിയത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ പ്രമുഖ പത്ര ഓഫിസുകളില്‍ ചെന്നു തന്റെ വിശദമായ ചരമവാര്‍ത്ത ഫോട്ടോ സഹിതം നല്‍കി. കൂടാതെ ഉള്‍പ്പേജിലും ലക്ഷങ്ങളുടെ വര്‍ണപ്പരസ്യം നല്‍കി. തന്റെ ഒരു ബന്ധുവാണ് ജോസഫ് മേലുകുന്നേല്‍ എന്നാണ് ഇയാള്‍ പറഞ്ഞത്. ഇയാളുടെ സഹോദരനോ മറ്റോ ആയിരിക്കാം മരിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ കരുതി. അതിനാല്‍ ഫോട്ടോയിലെ രൂപസാദൃശ്യത്തില്‍ സംശയം തോന്നിയില്ല. തിരുവനന്തപുരം ആര്‍സിസിയില്‍ ചികില്‍സയിലിരിക്കെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് അന്ത്യമാണെന്നാണ് ചരമവാര്‍ത്തയിലുള്ളത്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം. ഭാര്യ, മക്കള്‍, മരുമക്കള്‍, കൊച്ചു മക്കള്‍ എന്നിവരുടെ പേരുവിവരങ്ങളും പരസ്യത്തിലുണ്ട്. സംസ്‌കാരം തിരുവനന്തപുരത്തെ മകന്‍ ഷിജു ജോസഫിന്റെ വസതിയില്‍ വെള്ളിയാഴ്ച രാവിലെ നടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇന്നലെ പത്രങ്ങളില്‍ വാര്‍ത്തയും പരസ്യവും വന്നതിനു ശേഷം 8.10ഓടെ ലോഡ്ജില്‍ നിന്ന് ജോസഫ് സ്ഥലംവിട്ടു. ഇതിനു ശേഷമാണ് ചരമവാര്‍ത്തയും പരസ്യവും ലോഡ്ജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പോലിസില്‍ വിവരമറിയിച്ചു. പോലിസും നാട്ടുകാരും ചേര്‍ന്ന് പയ്യന്നൂരില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൊബൈ ല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പയ്യന്നൂര്‍ പോലിസ് എല്ലാ സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. നേരത്തേ തളിപ്പറമ്പ് തൃച്ചംബരം പെട്രോള്‍ പമ്പിനു സമീപം താമസിച്ചിരുന്ന ജോസഫ് എട്ടു വര്‍ഷമായി കുറ്റിക്കോല്‍ വായനശാലയ്ക്ക് സമീപമാണ് താമസിച്ചുവരുന്നത്.
Next Story

RELATED STORIES

Share it