'പത്മാവതി'യെ തെറ്റിദ്ധരിച്ചു; കര്‍ണിസേന പ്രതിഷേധം അവസാനിപ്പിക്കുന്നു

ജയ്പൂര്‍: സഞ്ജയ് ലീലാ ബന്‍സാലിയുടെ വിവാദ ചിത്രം 'പത്മാവതി'ന് എതിരായ പ്രതിഷേധങ്ങളില്‍ നിന്ന് കര്‍ണിസേന പിന്‍മാറി. സിനിമയി ല്‍ രജപുത്ര സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്ന യാതൊന്നും ഇല്ലെന്നു വ്യക്തമായി. ഇതോടെയാണ് സിനിമയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ നിന്ന് രജപുത്ര കര്‍ണിസേന പിന്‍മാറുന്നതെന്ന് സംഘടനയുടെ മുംബൈയിലെ നേതാവ് യോഗേന്ദ്രസിങ് ഖട്ടാര്‍ അറിയിച്ചു. ഓരോ രജപുത്രവിഭാഗക്കാരനും അഭിമാനത്തോടെയാണ് സിനിമ കണ്ടിറങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയെയും റാണി പത്മിനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലുള്ള പ്രതിഷേധാത്മകമായ ദൃശ്യങ്ങള്‍ ഒന്നും തന്നെ സിനിമയിലില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധങ്ങളില്‍നിന്നു പിന്‍മാറുന്നതെന്നും സംഘടന പത്രക്കുറിപ്പില്‍ അറിയിച്ചു. പത്മാവത് രജപുത്ര സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടി കനത്ത പ്രതിഷേധങ്ങളായിരുന്നു രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ണിസേന നടത്തിയത്. അതേസമയം, സമരത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വി. ഇതെല്ലാം വ്യാജമാണെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. തെറ്റായ വാര്‍ത്ത നല്‍കിയത് വ്യാജ കര്‍ണിസേനയാണെന്നും അദ്ദേഹം വ്യക്തമാക്കി. പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരുകയാണ്. ഇപ്പോള്‍ തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണെന്നും കല്‍വി പറഞ്ഞു. 'പത്മാവത്' റിലീസാവുന്നതിനു മുമ്പ് പ്രതിഷേധിക്കാന്‍ ആരംഭിച്ചവരാണു ഞങ്ങള്‍. ആ നിലപാടില്‍ മാറ്റമില്ല- കല്‍വി അറിയിച്ചു.
Next Story

RELATED STORIES

Share it