പത്മാവതിയുടെ പേര് മാറ്റണം; ഉപാധികളോടെ പ്രദര്‍ശനാനുമതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സംഘപരിവാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാദമായ പത്മാവതി സിനിമയ്ക്ക് ഉപാധികളോടെ പ്രദര്‍ശനാനുമതി നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. സിനിമയുടെ പേര് പത്മാവത് എന്നാക്കണമെന്നും 26 രംഗങ്ങള്‍ വെട്ടിമാറ്റണമെന്നുമാണു ബോര്‍ഡ് നിബന്ധനവച്ചിരിക്കുന്നത്. നിബന്ധനകള്‍ അംഗീകരിച്ചു നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാമെന്നാണ് ബോര്‍ഡിന്റെ നിലപാട്. കൂടാതെ, ഈ സിനിമയ്ക്ക്  ചരിത്രവുമായി യാതൊരു ബന്ധവുമില്ലെന്ന് രണ്ടുതവണ എഴുതിക്കാണിക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഉപാധിവച്ചിട്ടുണ്ട്. സതി ആചാരം ഉള്‍പ്പെടെയുള്ള വിവാദരംഗങ്ങള്‍ കുറയ്ക്കണമെന്നുമാണു മറ്റൊരു നിര്‍ദേശം. ഉപാധികള്‍ എല്ലാം അംഗീകരിച്ചു നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാല്‍ യു/എ  ( ചില ദൃശ്യങ്ങള്‍ 14 വയസ്സില്‍ താഴെയുള്ളവരെ ബാധിക്കാം. അതിനാല്‍ രക്ഷിതാക്കളുടെ കൂടെ കാണാവുന്നത് ) സര്‍ട്ടിഫിക്കറ്റാണു ചിത്രത്തിനു ലഭിക്കുക. അതേസമയം, 26 രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ ശരിയല്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രഹ്ലാദ് ജോഷി വ്യക്തമാക്കിയത്. വെട്ടിമാറ്റലുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്നും ചില പരിഷ്‌കാരങ്ങള്‍ വരുത്തണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നതെന്നുമാണു ജോഷിയുടെ വിശദീകരണം. ആശങ്കകള്‍ ഒഴിവാക്കുന്നതിനാണു ചിത്രത്തിന്റെ പേരില്‍ മാറ്റം വേണമെന്നു നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28നു ചേര്‍ന്ന സെന്‍സര്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് പത്മാവതിയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ തീരുമാനമുണ്ടായത്. അതേസമയം, നിര്‍ദേശങ്ങളെല്ലാം പാലിച്ച് ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി വ്യക്തമാക്കി. ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചുവെന്നാരോപിച്ച് ഹിന്ദുത്വ സംഘടനയായ രജ്പുത്ര കര്‍ണി സേനയാണ് പത്മാവതിക്കെതിരേ ശക്തമായി രംഗത്തു വന്നിരുന്നത്. ബിജെപി ഭരണത്തിലുള്ള ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിത്രത്തിന് സര്‍ക്കാരുകള്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്. ചിത്രത്തില്‍ പത്മാവതിയുടെ വേഷം ചെയ്യുന്ന ദീപിക പദുകോണിന്റെ തലവെട്ടുന്നവര്‍ക്ക് ബിജെപി നേതാവ് 10 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്ന ദിവസം ഭാരത് ബന്ദ് നടത്തി ചിത്രത്തെ തകര്‍ക്കുമെന്നും സംഘപരിവാര സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. പത്മാവതിക്കെതിരേ രാജ്യത്തെ യുവാക്കള്‍ മുന്നോട്ടിറങ്ങണമെന്നും പത്മാവതി പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്നും ബിജെപി നേതാവ് സൂരജ് പാല്‍ അമു പറഞ്ഞിരുന്നു. ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഘപരിവാര സംഘടനകളുടെ നിരന്തര ആക്രമണങ്ങളെ തുടര്‍ന്ന് റിലീസിങ് തിയ്യതി മാറ്റിവയ്ക്കുകയായിരുന്നു. സിനിമയില്‍ ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്ന നിര്‍മാതാക്കളുടെ പ്രസ്താവനയെത്തുടര്‍ന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് വിദഗ്ധ സമിതിയെ നിയമിച്ചിരുന്നു. മുന്‍ രാജകുടുംബാംഗങ്ങളും ചരിത്രകാരന്‍മാരും ഉള്‍പ്പെട്ട സമിതി ചിത്രം കണ്ടിരുന്നു. സിനിമയുടെ പ്രമേയം പൂര്‍ണമായും ഭാവനയാണോ ചരിത്രവസ്തുതകളെ ആധാരമാക്കിയാണോ എന്നു വ്യക്തമാക്കേണ്ട ഭാഗത്തു നിര്‍മാതാക്കള്‍ ഒന്നും എഴുതിയിരുന്നില്ല. ചരിത്രസംഭവങ്ങളെയും ഭാഗികമായി അവലംബിച്ചിട്ടുണ്ടെന്നു പിന്നീട് വ്യക്തമാക്കിയ ശേഷമാണു സമിതി സിനിമ കണ്ടത്. റിലീസുമായി ബന്ധപ്പെട്ടു സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷി എന്നിവരെ പാര്‍ലമെന്റ് സമിതി വിളിച്ചുവരുത്തിയിരുന്നു.
Next Story

RELATED STORIES

Share it