പത്മനാഭസ്വാമി ക്ഷേത്രം: ബി നിലവറ തുറക്കണമെന്ന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: മറ്റെല്ലാ നിലവറകളിലെയും സ്വത്തുക്കളുടെ കണക്കെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ കൂടി പരിശോധിച്ച് അന്തിമ റിപോര്‍ട്ട് തയ്യാറാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധ സമിതി സുപ്രിംകോടതിയെ സമീപിച്ചു. ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കള്‍ പൊതുജനങ്ങള്‍ക്കു കൂടി കാണുന്നതിനായി മ്യൂസിയം സ്ഥാപിച്ച് അതില്‍ സൂക്ഷിക്കണമെന്നും സമിതി സത്യവാങ്മൂലത്തില്‍ കോടതിയോട് ആവശ്യപ്പെട്ടു. ബി ഒഴികെയുള്ള എല്ലാ നിലവറകളിലെയും സ്വത്തുക്കളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. 45,000 പേജുള്ള റിപോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും എം വി നായര്‍ അധ്യക്ഷനായ സമിതി വ്യക്തമാക്കി.
പരിശോധനയുടെ വിവരങ്ങള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിട്ടുണ്ട്. സുപ്രിംകോടതിയുടെ അനുമതിയില്ലാത്തതിനാലാണ് ബി നിലവറ തുറന്നുപരിശോധിച്ച് അന്തിമറിപോര്‍ട്ട് തയ്യാറാക്കാന്‍ വൈകുന്നത്. അതിനാല്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബി നിലവറ തുറക്കാന്‍ സുപ്രിംകോടതി അടിയന്തരമായി ഉത്തരവിടണം. പൂജയ്ക്കായുള്ള ആഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്ന് കൈമാറണമെന്ന ആവശ്യവും എട്ടു പേജുള്ള സത്യവാങ്മൂലത്തില്‍ വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കള്‍ മ്യൂസിയം ഉണ്ടാക്കി സംരക്ഷിക്കണമെന്ന് കഴിഞ്ഞവര്‍ഷവും വിദഗ്ധ സമിതി ആവശ്യപ്പെട്ടിരുന്നു. 12ാം നൂറ്റാണ്ടിലെ റോമന്‍ നാണയശേഖരം ഉള്‍പ്പെടെ ചരിത്രപ്രാധാന്യമുള്ള നിരവധി വിലപിടിപ്പുള്ള വസ്തുക്കളാണ് ക്ഷേത്രത്തിലെ നിലവറകളില്‍ ഉള്ളത്. ഇവ ഉപയോഗിച്ച് ബ്രിട്ടനിലും ഇറാനിലും ഉള്ളതുപോലെ ലോകപ്രസിദ്ധ മ്യൂസിയം നിര്‍മിക്കാന്‍ കഴിയും. അതിലൂടെ വരുമാനവും ലഭിക്കും. ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നിലവില്‍ അനുവദിക്കുന്ന 40 കോടി രൂപ മാത്രമേ ക്ഷേത്രസ്വത്തുക്കള്‍ മ്യൂസിയത്തില്‍ സംരക്ഷിക്കാനും ചെലവുവരൂ. ക്ഷേത്രത്തില്‍ മ്യൂസിയം നിര്‍മിക്കുന്നത് വിശ്വാസികള്‍ക്കു പ്രയാസം സൃഷ്ടിക്കാനിടയുള്ളതിനാല്‍ വൈകുണ്ഠ ഓഡിറ്റോറിയമോ ക്ഷേത്രപരിസരത്തെ മറ്റുസ്ഥലങ്ങളോ പരിഗണിക്കാമെന്നാണ് വിദഗ്ധസമിതി നിര്‍ദേശിക്കുന്നത്.
ബി നിലവറ മുമ്പ് പലതവണ തുറന്നിട്ടുണ്ടെന്നും അമൂല്യ വസ്തുക്കള്‍ പലതും മോഷണം പോയിട്ടുണ്ടെന്നും കേസിലെ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം കണ്ടെത്തിയിരുന്നു. ബി നിലവറ തുറക്കുന്നത് വിശ്വാസത്തിനെതിരാണെന്നു ചൂണ്ടിക്കാട്ടി രാജകുടുംബം സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഈ കേസ് പരിഗണിക്കവെ സുപ്രിംകോടതി രാജകുടുംബത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ക്ഷേത്രം നടത്തിപ്പുകാരായ രാജകുടുംബം എന്താണ് മറച്ചുവയ്ക്കുന്നതെന്നും കണക്കുകള്‍ പരിശോധിക്കുന്നതിന് നിങ്ങളെന്തിനാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുടെ കണക്കെടുക്കുന്നതിനായി സുപ്രിംകോടതി നിയമിച്ച വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. എ മുതല്‍ എച്ച് വരെയുള്ള നിലവറകളിലെ പരിശോധനയാണ് പൂര്‍ത്തിയായത്. എന്നാല്‍, ബി നിലവറ തുറക്കുന്നതിനു രാജകുടുംബത്തിന്റെ എതിര്‍പ്പുള്ളതിനാല്‍ ഇക്കാര്യം കോടതി നീട്ടിവയ്ക്കുകയായിരുന്നു.
ബി നിലവറ തുറക്കാന്‍ അനുവദിക്കണമെന്ന് മൂല്യനിര്‍ണയം നടത്തുന്ന മുന്‍ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വിനോദ് റായിയും ആവശ്യപ്പെട്ടിരുന്നു. കേസ് അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും.
Next Story

RELATED STORIES

Share it