പത്മനാഭസ്വാമി ക്ഷേത്രംനിധിശേഖരം പൊതുജനത്തിന് കാണാന്‍ അവസരം ഒരുങ്ങുന്നു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര നിലവറയിലെ നിധിശേഖരം പൊതുജനത്തിന് കാണാന്‍ വഴിയൊരുങ്ങുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദര്‍ശനശാലയൊരുക്കാനാണു നീക്കം. ഇതുസംബന്ധിച്ച് തിരുവനന്തപുരത്തെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരുമായി ചര്‍ച്ചചെയ്തു.
സുപ്രിംകോടതിയുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെയും അനുവാദം ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടുപോവാമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, ചേംബര്‍ ഓഫ് കൊമേഴ്സ്, ട്രിവാന്‍ഡ്രം സിറ്റി കണക്ട്, ട്രിവാന്‍ഡ്രം അജണ്ട ടാസ്‌ക് ഫോഴ്സ്, കോണ്‍ഫെഡറഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തിലാണു കരടു പദ്ധതിക്കു രൂപംനല്‍കിയത്.
പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം തന്നെ പ്രദര്‍ശനശാലയൊരുക്കാമെന്ന നിര്‍ദേശമാണു മുന്നോട്ടുവച്ചിട്ടുള്ളത്. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുള്‍പ്പെടെ 300 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദര്‍ശകരില്‍ നിന്നു മാത്രം പ്രതിവര്‍ഷം 50 കോടി രൂപയുടെ വരുമാനമുണ്ടാവുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവുമായി സംഘടനാ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രിംകോടതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും രാജകുടുംബത്തിന്റെയും അനുമതിയുണ്ടെങ്കില്‍ ഫണ്ട് അനുവദിക്കാന്‍ തടസ്സമില്ലെന്ന ഉറപ്പ് ലഭിച്ചു. തുടര്‍ന്ന്, മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. മറ്റ് അനുമതികള്‍ ലഭിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു.
Next Story

RELATED STORIES

Share it