Alappuzha local

പത്തിപ്പറമ്പില്‍പ്പടി പാലം തകര്‍ന്നു; ദുരന്തം ഒഴിവായി

എടത്വ:  എട്ടാം വാര്‍ഡ് പുതുപ്പരയ്ക്കല്‍ കാടമ്പുറം പത്തിപ്പറമ്പില്‍പ്പടി പാലം കാലപ്പഴക്കത്തില്‍ തകര്‍ന്നു വീണു. തകര്‍ന്നു വീഴുന്ന സമയത്ത് രണ്ടുപേര്‍ യാത്രക്കാരായി ഉണ്ടായിരുന്നെങ്കിലും പാലം ഒടിയുന്ന ശബ്ദം കേട്ട് മറുകരയിലേക്ക് ഓടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച ഒരുമണിയോടെയായിരുന്നു സംഭവം. പൊതു അവധിയായതിനാലും സ്‌കൂള്‍ അവധിക്കാലമായതിനാലും അപകടം നടന്ന അവസരത്തില്‍ ഇതുവഴി യാത്രക്കാര്‍ കുറവായിരുന്നു.
കാടമ്പ്രം തോടിനു കുറുകെ നിര്‍മ്മിച്ചിരുന്ന പാലം അപകടത്തിലാണെന്നും ഇത് പൊളിച്ചു നീക്കി കാറുകയറുന്ന വിധത്തിലുളള പാലം നിര്‍മ്മിക്കണമെന്നും ആവശ്യപെട്ട് നാട്ടുകാരുടെ നേതൃത്വത്തിലും പാണ്ടങ്കരി റസിഡന്‍സ് അസോസിയേഷന്റെനേതൃത്വത്തിലും ജനപ്രതിനധികള്‍ക്കും പഞ്ചായത്തിനും നിരവധി തവണ പരാതി നല്‍കിയിരുന്നതാണ്.
ഇരുവശങ്ങളിലുമായി 40 പടികളുള്ള പാലത്തിന്റെ തൂണുകള്‍ ദ്രവിച്ചു നില്‍ക്കുകയായിരുന്നു. പടിഞ്ഞാറെ വശത്തുള്ള തൂണ് ഒടിയുകയും റോഡിന്റെ അപ്രോച്ചുള്‍പെടെ തോട്ടിലേക്ക് വീഴുകയുമായിരുന്നു.
പാണ്ടങ്കരി കിഴക്ക് എസ്എന്‍ഡിപി ഗുരുദേവക്ഷേത്രം, പാണ്ടങ്കരി എസ്എംഎസ്എല്‍പി സ്‌കൂള്‍, പാണ്ടങ്കരി പള്ളി, പാണ്ടങ്കരി കൊച്ചു ധര്‍മ്മശാസ്താ ക്ഷേത്രം, എടത്വ ടൗണ്‍, കോളജ്, എടത്വ പള്ളി എന്നിവിടങ്ങളിലേക്ക് എത്തുന്നതിനുള്ള പാലമായിരുന്നു ഇത്.
പാലം ഒടിഞ്ഞതിനെ തുടര്‍ന്ന് ദീര്‍ഘ ദൂരം നടന്നാല്‍ മാത്രമെ റോഡിലെത്താന്‍ കഴിയുഎന്നതാണ് അവസ്ഥ. അപകടം നടന്ന സ്ഥലത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചന്‍ ആശാംപറമ്പില്‍ പഞ്ചായത്ത് അംഗങ്ങളായ കുരുവിള ജോസഫ്, എം വി സുരേഷ്, ടി ടി തോമസ്എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it