പത്താന്‍കോട്ട്: ഇന്ത്യന്‍ സംഘം പാകിസ്താനിലേക്ക്

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളം ആക്രമണക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സംഘം പാകിസ്താന്‍ സന്ദര്‍ശിക്കും. ഏഴു സൈനികരടക്കം കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന നിരോധിത സംഘടനയായ ജയ്‌ശെ മുഹമ്മദിന്റെ നേതാക്കള്‍ ഉള്‍പ്പെടെ സംശയിക്കപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി അവരെ ചോദ്യംചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) പ്രത്യേകസംഘം ശ്രമിക്കും.
കേസുമായി ബന്ധപ്പെട്ട് പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. കൊല്ലപ്പെട്ട അക്രമികളുടെ ഡിഎന്‍എ റിപോര്‍ട്ടുകള്‍ ഉള്‍പ്പെടെ ശേഖരിച്ച ഇവര്‍ അന്വേഷണ വിശകലനത്തിനു ശേഷം ഇന്നലെ മടങ്ങി. ഇതിനു പിന്നാലെയാണ് പാക് സന്ദര്‍ശനകാര്യം എന്‍ഐഎ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ തീരുമാനത്തെ പാകിസ്താന്‍ സ്വാഗതം ചെയ്തതായി എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ശരത്കുമാര്‍ പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ട നാലു അക്രമികളും പാകിസ്താന്‍ പൗരന്‍മാരാണെന്ന് പാക് സംഘം സ്ഥിരീകരിച്ചു.
സാക്ഷികളെ ചോദ്യംചെയ്ത ശേഷമാണ് അക്രമികളുടെ പൗരത്വം സംബന്ധിച്ച് വ്യക്തത വരുത്തിയത്. കൊല്ലപ്പെട്ട നസീര്‍ ഹുസയ്ന്‍, ഹാഫിസ് അബൂബക്കര്‍, അബ്ദുല്‍ ഖയ്യൂം, ഉമര്‍ ഫാറൂഖ് എന്നിവര്‍ പാക് പൗരന്‍മാരാണെന്ന് നേരത്തേ എന്‍ഐഎ അറിയിച്ചിരുന്നെങ്കിലും പാകിസ്താന്‍ അംഗീകരിച്ചിരുന്നില്ല. ഇവരെ സഹായിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ കൈമാറി.

[related]

Next Story

RELATED STORIES

Share it