പത്താന്‍കോട്ട് ആക്രമണം: പാക് സന്ദര്‍ശന അനുമതി തേടിയുള്ള ഇന്ത്യയുടെ കത്തിനു മറുപടിയില്ല

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണം ആന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി സംഘത്തിന് പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അയച്ച കത്തിനോട് പാകിസ്താന്‍ പ്രതികരിച്ചില്ല. അന്വേഷണ പുരോഗതിക്കായി പാകിസ്താന്‍ സന്ദര്‍ശിച്ചു സംശയിക്കപ്പെടുന്നവരില്‍ നിന്നു മൊഴിയെടുക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് എന്‍ഐഎക്കു വേണ്ടി കത്തയച്ചത്.
എന്നാല്‍, വിദേശകാര്യമന്ത്രാലയത്തിന്റെ കത്തിനോട് പാകിസ്താന്‍ ഇതുവരെയും പ്രതികരിച്ചില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാനാ മസ്ഊദ് അസ്ഹര്‍, സഹോദരന്‍ അബ്ദുര്‍റഊഫ്, ശാഹിദ് ലത്തീഫ്, കാശിഫ് ജാന്‍ എന്നിവരുടെ മൊഴിയെടുക്കലാണ് പ്രധാനമായും എന്‍ഐഎ സംഘത്തിന്റെ പാക് സന്ദര്‍ശനംകൊണ്ടുദ്ദേശിക്കുന്നത്. ഇവര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്നാണ് ഇന്ത്യയുടെ സംശയം.
പാകിസ്താന്‍ ചാരസംഘടന ഐഎസ്‌ഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കമുള്ള പാക് സംയുക്ത അന്വേഷണസംഘം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. ഇവരുടെ ആറുദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയായ ശേഷമാണു പാകിസ്താനില്‍ അന്വേഷണം നടത്താനുള്ള താല്‍പര്യം ഇന്ത്യന്‍ സംഘം പ്രകടിപ്പിച്ചത്.
സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, സിങിന്റെ പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരടക്കമുള്ള സാക്ഷികളെ പാക് സംഘം ചോദ്യംചെയ്യുകയുമുണ്ടായി. കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ റിപോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ശേഖരിച്ച പാക് സംഘം ആറുദിവസത്തെ അന്വേഷണ വിശകലനത്തിനു ശേഷമാണു മടങ്ങിയത്. എന്നാല്‍ ആക്രമണം നാടകമായിരുന്നുവെന്നു പാക് സംഘം കണ്ടെത്തിയെന്ന റിപോര്‍ട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലായി. ഇന്ത്യയുടെ നാവികകേന്ദ്രം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലയിലേക്ക് ഐഎസ്‌ഐ ഉദ്യോഗസ്ഥനടക്കമുള്ള പാക് സംഘത്തിന് സന്ദര്‍ശനാനുമതി കൊടുത്ത എന്‍ഡിഎ സര്‍ക്കാരിന്റെ നടപടി വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it