പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണ സംഘം മൊഴിയെടുപ്പ് തുടങ്ങി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക് അന്വേഷണസംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുട ങ്ങി. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പഞ്ചാബ് പോലിസിലെ ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്, സിങിന്റെ പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരടക്കമുള്ളവരെയാണ് സംഘം ഇന്നലെയും ഇന്നുമായി ചോദ്യം ചെയ്യുന്നത്. ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്ത് വച്ചാണ് മൊഴിയെടുക്കുക. പതിനേഴോളം സാക്ഷികളെയാണ് സംഘം ചോദ്യം ചെയ്യുക എന്നറിയുന്നു.
നേരത്തെ പാക് അന്വേഷണസംഘത്തിന് മുന്നില്‍ എന്‍ഐഎ അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചിരുന്നു. അക്രമം ആസൂത്രണം ചെയ്തത് പാകിസ്താനിലാണെന്ന തങ്ങളുടെ നിഗമനത്തിന്റെ പിറകിലെ കാരണം ഇന്ത്യന്‍ അന്വേഷകര്‍ പാക് സംഘവുമായി പങ്കുവച്ചെന്നാണ് കരുതുന്നത്. കൂടാതെ കഴിഞ്ഞ ദിവസം പാക് സംഘം വ്യോമകേന്ദ്രത്തില്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച നീണ്ടു നിന്ന സന്ദര്‍ശ—നത്തിന് ശേഷം സംഘം നാളെ പാകിസ്താനിലേക്ക് തിരിച്ചു പോവും.പാക് സംഘത്തിന്റെ സന്ദര്‍ശനം ഇത്തരത്തില്‍ ആദ്യത്തേതാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അതിര്‍ത്തി കടന്നുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ ഇപ്പോഴത്തെ പാക് സന്ദര്‍ശനം സഹായിക്കുമെന്നാണ് കരുതുന്നത്.
പാകിസ്താനിലെ പഞ്ചാബ് പോലിസ് ഭീകരവിരുദ്ധവിഭാഗം അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ മുഹമ്മദ് താഹിര്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഐഎസ്‌ഐയുടെ ലഫ്. കേണല്‍ പദവിയിലുള്ള ഉദ്യോഗസ്ഥന്‍ തന്‍വീര്‍ അഹ്മദ്, ലാഹോര്‍ ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസിം അര്‍ഷാദ്, സൈനിക ഇന്റലിജന്‍സ് ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ തുടങ്ങിയവരാണ് പാക് സംഘത്തിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍.
Next Story

RELATED STORIES

Share it