പത്താന്‍കോട്ട് ആക്രമണം: പാക് അന്വേഷണസംഘം ഇന്ത്യയില്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്ന പാകിസ്താന്‍ സംഘം ഡല്‍ഹിയിലെത്തി. ഒരു ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സംയുക്ത അന്വേഷണസംഘമാണിത്. പഞ്ചാബ് മേഖലാ ഭീകരവിരുദ്ധ വിഭാഗം മേധാവി മുഹമ്മദ് താഹിര്‍ റായ് ആണ് സംഘത്തലവന്‍. ലാഹോര്‍ ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അസീം അര്‍ഷാദ്, ഐഎസ്‌ഐ ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ തന്‍വീര്‍ അഹ്മദ്, മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ഇര്‍ഫാന്‍ മിര്‍സ, ഗുജര്‍നാന്‍വാല ഭീകരവിരുദ്ധ വിഭാഗം ഉദ്യോഗസ്ഥന്‍ ഷാഹിദ് തന്‍വീര്‍ എന്നിവരാണു മറ്റംഗങ്ങള്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഇതാദ്യമായാണു പാകിസ്താനില്‍നിന്ന് ഇത്തരത്തിലൊരു അന്വേഷണസംഘം ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്നലെ രാവിലെ പ്രത്യേക വിമാനത്തിലെത്തിയ ഇവരെ എന്‍ഐഎ ഉദ്യോഗസ്ഥരും പാകിസ്താന്‍ ഹൈക്കമ്മീഷണറും ചേര്‍ന്നു സ്വീകരിച്ചു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ജയ്‌ശെ മുഹമ്മദാണ് ആക്രമണത്തിനു പിന്നിലെന്നാണ് ഇന്ത്യയുടെ കണ്ടെത്തല്‍. ഇന്നു രാവിലെ ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്്ച നടത്തുന്ന സംഘം, ദേശീയ അന്വേഷണ ഏജന്‍സി ഇതുവരെ നടത്തിയ അന്വേഷണം വിശകലനം ചെയ്യും. 90 മിനിറ്റ് നീളുന്ന അവതരണം  എന്‍ഐഎ ഉദ്യോഗസ്ഥര്‍ നടത്തും. ആക്രമണത്തിന്റെ പാക് ബന്ധത്തെക്കുറിച്ചുള്ള തെളിവുകളും ഹാജരാക്കും. ഉച്ചയ്ക്കുശേഷം സംഘത്തിന് എന്‍ഐഎ ഉദ്യോഗസ്ഥരോട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാവും. ഇക്കഴിഞ്ഞ ജനുവരി രണ്ടിന് ആക്രമണമുണ്ടായ വ്യോമതാവളം സംഘം നാളെ സന്ദര്‍ശിക്കും. നിലവില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തിലാണ് പത്താന്‍കോട്ട് വ്യോമതാവളം. ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. എന്നാല്‍ പാക് ഉദ്യോഗസ്ഥര്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ അവസരമുണ്ടാവും. ആക്രമണത്തിന്റെ സാക്ഷികളുമായി സംസാരിക്കാനും അവസരമൊരുക്കും. പഞ്ചാബ് പോലിസ് സൂപ്രണ്ട് സല്‍വീന്ദര്‍ സിങ്, സുഹൃത്ത് രാജേഷ് വര്‍മ, പാചകക്കാരന്‍ മദന്‍ ഗോപാല്‍, ആക്രമണത്തിനിടെ പരിക്കേറ്റ 17 പേര്‍ തുടങ്ങിയവരെ സാക്ഷികളായി ഹാജരാക്കും.
Next Story

RELATED STORIES

Share it