പത്താന്‍കോട്ട് ആക്രമണം: അക്രമികള്‍ ആറോ, നാലോ; എന്‍ഐഎ സംശയത്തില്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട അക്രമികളുടെ എണ്ണം കണ്ടെത്താന്‍ കഴിയാതെ എന്‍ഐഎ. ആറു പേരാണ് ആക്രമണം നടത്തിയതെന്നും എല്ലാവരും കൊല്ലപ്പെട്ടതായും ഔദ്യോഗിക വിശദീകരണമുണ്ടെങ്കിലും നാലു പേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. ഓപറേഷന് നേതൃത്വം നല്‍കിയ നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) ആണ് ആറു പേരെ കൊലപ്പെടുത്തിയതായി വ്യക്തമാക്കിയത്.
നാലുപേര്‍ ആദ്യഘട്ട ഏറ്റുമുട്ടലില്‍തന്നെ കൊല്ലപ്പെട്ടിരുന്നു. എയര്‍ബേസിലെ ഇരുനിലക്കെട്ടിടത്തിന്റെ താഴെ നിലയില്‍ രണ്ടു പേര്‍ കൂടി ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ആ കെട്ടിടം പൂര്‍ണമായും തകര്‍ത്തു. എന്നാല്‍, അതിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചിട്ടും അക്രമികളുടെ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
മൃതദേഹം കെട്ടിടങ്ങള്‍ക്കുള്ളില്‍ ചതഞ്ഞരഞ്ഞ് പോയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരുടെ വസ്ത്രങ്ങളെങ്കിലും കിട്ടേണ്ടതാണ്. അതുമുണ്ടായില്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തേ കൊല്ലപ്പെട്ടവര്‍ വ്യോമകേന്ദ്രത്തിനുള്ളില്‍ ഒളിച്ചു താമസിച്ചതിന്റെ അടയാളങ്ങളും അവര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെടുത്തിരുന്നു. കേസന്വഷിക്കുന്ന എന്‍ഐഎ ഇതുവരെ കണ്ടെത്തിയ തെളിവുകള്‍ പുനപ്പരിശോധിച്ചുവരുകയാണ്. നാലുപേര്‍ മാത്രമാണ് ആക്രമണം നടത്തിയതെന്നാണ് എന്‍ഐഎ സംശയിക്കുന്നത്. തെളിവുകള്‍ വീണ്ടും പരിശോധിക്കുന്നതിനായി എന്‍ഐഎ തലവന്‍ ശരത് കുമാര്‍ വീണ്ടും പത്താന്‍കോട്ട് സന്ദര്‍ശിക്കും.
Next Story

RELATED STORIES

Share it