പത്താന്‍കോട്ട് ആക്രമണം: പാകിസ്താന്‍ കൂടുതല്‍ തെളിവുകള്‍ തേടുന്നു

ഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നും പാകിസ്താന്‍ കൂടുതല്‍ തെളിവുകള്‍ തേടുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ നടത്തുന്ന അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൂടുതല്‍ തെളിവുകള്‍ തേടുന്നതായ മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നത്. പാകിസ്താന്‍ സര്‍ക്കാരിന്റെ അന്വേഷണ സംഘം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തോട് ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആരായുമെന്നാണ് ഡോ ണ്‍ പത്രം റിപോര്‍ട്ട് ചെയ്യുന്നത്. അ—ക്രമികള്‍ പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് വിളിക്കാന്‍ ഉപയോഗിച്ച അഞ്ച് മൊബൈല്‍ നമ്പറുകള്‍ ഇന്ത്യ ഇതിനകം പാകിസ്താന് കൈമാറിയിട്ടുണ്ട്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായതായും വ്യാജ പേരുകളില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നും ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു.
അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ട്. അതിനാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താന്‍ പാക് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു ഉദ്യേഗസ്ഥനെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു. നിരോധിത സംഘടനയായ ജയ്‌ശെ മുഹമ്മദ് നേതാവ് മൗലാന മസൂദിന് പത്താന്‍കോട്ട് ആക്രമണവുമായി ബന്ധമുണ്ടൊയെന്ന ചോദ്യത്തിന് ആദ്യം ഇന്ത്യയില്‍ നിന്നും തെളിവുകള്‍ ലഭിക്കട്ടെയെന്ന് പാകിസ്താന്‍ പ്രതികരിച്ചതായും ഡോണ്‍ റിപോര്‍ട്ട് ചെയ്യുന്നു.
പത്താന്‍കോട്ട് ആക്രമണത്തിനു പിന്നില്‍ ജയ്‌ശെ മുഹമ്മദ് ആണെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പഞ്ചാബ് കൗണ്ടര്‍ ടെററിസം ഡിപാര്‍ട്ട്‌മെന്റ് എഐജി റായ് താഹിറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തെ കഴിഞ്ഞ ജനുവരി പകുതിയോടെയാണ് പാകിസ്താന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടന്‍ വിശദാംശങ്ങള്‍ പുറത്ത് വിടുമെന്നും കഴിഞ്ഞ ശനിയാഴ്ച നവാസ് ശരീഫ് പ്രഖ്യാപിച്ചിരുന്നു. ആക്രമണം നടത്താന്‍ പാകിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തിയെന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അത് തങ്ങള്‍ ചെയ്യുമെന്നും അന്വേഷണം പൂര്‍ത്തിയാക്കുമെന്നും നവാസ് ശരീഫ് പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it