പത്താന്‍കോട്ട് ആക്രമണം; ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടീം വയനാട്ടില്‍

മാനന്തവാടി: പത്താന്‍കോട്ടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലിസ് കസ്റ്റഡിയിലെടുത്ത വയനാട് മാനന്തവാടി പിലാക്കാവ് സ്വദേശി അടുക്കത്ത് കളിയൂര്‍ ദിനേശന്‍ എന്ന റിയാസിനെ(39) കുറിച്ച് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടീം മാനന്തവാടിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. സ്‌പെഷ്യല്‍ ടീമിലെ സീനിയര്‍ സിപിഒ വിനായക് കുമാറാണ് കഴിഞ്ഞ രണ്ടുദിവസമായി മാനന്തവാടിയില്‍ ക്യാംപ് ചെയ്ത് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ പ്രവര്‍ത്തനങ്ങളുമായി മാനന്തവാടിയിലുള്ളവര്‍ക്കു ബന്ധമൊന്നുമില്ലെന്നു സംഘം വ്യക്തമാക്കി. എന്നാല്‍ 13 വര്‍ഷമായി യാതൊരു വിവരവുമില്ല എന്ന ബന്ധുക്കളുടെ വാക്കുകള്‍ വ്യാജമാണെന്നും ഒരുമാസം മുമ്പ് വരെ ബന്ധുക്കളെയും സുഹൃത്തുകളെയും ദിനേശന്‍ ഫോണില്‍ ബന്ധപ്പെട്ടതായും പോലിസ് അന്വേഷണത്തില്‍ വ്യക്തമായി. 2000ത്തില്‍ സ്പിരിറ്റ് കടത്തുന്നതിനിടെ പിടികൂടിയ സംഭവത്തിലും വനംവകുപ്പിന്റെ ഈട്ടിമരം മുറിച്ചു കടത്തിയ കേസിലും പ്രതിയാണ്.
13 വര്‍ഷം മുമ്പ് നാടുവിട്ട ശേഷം മഹാരാഷ്ട്രയില്‍ ബേക്കറിയില്‍ ജോലിചെയ്തിട്ടുണ്ട്. സുഹൃത്തുകളെയും ബന്ധുക്കളെയും പലപ്പോഴായി ഫോണ്‍ ചെയ്ത് താന്‍ പ്രതിസന്ധിയിലാണെന്നും പണം അയച്ചുതരണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം നാട്ടില്‍ നിന്ന് ഇയാള്‍ക്ക് പലപ്പോഴും ബാങ്ക് വഴി പണം അയച്ചിട്ടുണ്ട്.
ഏഴാംക്ലാസ് മാത്രമാണു വിദ്യാഭ്യാസം. നാടുവിട്ടശേഷം ഏതാനും വര്‍ഷം സൗദിയില്‍ ജോലിചെയ്തിട്ടുണ്ട്. ഇതിനിടെ, അജ്മീറിലെ യുവതിയുമായി പ്രണയത്തിലാണെന്നും ഞാന്‍ ഇസ്‌ലാംമതം സ്വീകരിച്ചെന്നും സുഹൃത്തുക്കളില്‍ ചിലരെ ദിനേശന്‍ വിളിച്ചറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തുണിക്കച്ചവടമായിരുന്നു മേഖല. മുറാദാബാദിലെ ലോഡ്ജ് മുറിയില്‍ നിന്നു നാലു മാലി സ്വദേശികള്‍ക്കൊപ്പമാണു ദിനേശനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മാലി സ്വദേശികളുടെ രേഖകള്‍ കൃത്യമാണെന്നു കണ്ടെത്തിയതിനെ ത്തുടര്‍ന്ന് വിട്ടയച്ചു.
ദിനേശന്റെ മൊഴിയില്‍ വൈരുധ്യം കണ്ടതിനെത്തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്കായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കേരളവുമായി 13 വര്‍ഷമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇയാളുടെ മൊഴിയെങ്കിലും മൊബൈല്‍ കോള്‍ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണു ബന്ധുക്കളെയും മറ്റു സുഹൃത്തുക്കളെയും വിളിച്ചതായി കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ ചിലരുമായും ഇയാള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണസംഘം മലപ്പുറത്തും തെളിവെടുപ്പ് നടത്തും.
Next Story

RELATED STORIES

Share it