പത്താന്‍കോട്ട്: അക്രമികളെ വധിച്ചത് ആസൂത്രിത നീക്കത്തിലൂടെ

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമതാവളത്തില്‍  ആക്രമണം നടത്തിയവരെ കീഴ്‌പ്പെടുത്താന്‍ സഹായിച്ചത് ദേശീയ സുരക്ഷാ സേനയും (എന്‍എസ്ജി) വ്യോമസേനയുടെ‘ഗരുഡ് എന്ന പ്രത്യേക വിഭാഗവും കരസേനയും പോലിസും നടത്തിയ പടിപടിയായുള്ള നീക്കത്തിലൂടെയായിരുന്നെന്നു വെളിപ്പെടുത്തല്‍. ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോടാണു മുതിര്‍ന്ന സൈനികോദ്യോഗസ്ഥന്‍ പ്രത്യാക്രമണം നടത്തിയ രീതി വിശദമാക്കിയത്.ഒതുക്കിനിര്‍ത്തി വ്യോമതാവള വളപ്പിലുള്ള ആസ്തികളെയും ജനങ്ങളെയും കെട്ടിടങ്ങളെയും സംരക്ഷിച്ചുകൊണ്ടുള്ള ആസൂത്രണത്തിലൂടെയാണ് ആറ് അക്രമികളെയും വധിക്കാനായത്. 1900 ഏക്രയില്‍ വ്യാപിച്ചു കിടക്കുന്ന താവളത്തില്‍ 3000 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. 5 ദിവസം നീണ്ടുനിന്ന പ്രത്യാക്രമണത്തില്‍ 38 മണിക്കൂറോളം അക്രമികള്‍ക്കു നേരെ വെടിവയ്പ് നടത്തേണ്ടിവന്നു. ആകാശത്തിലൂടെ വ്യോമസേനയുടെ ഗരുഡും’കരയില്‍ കരസേനയുടെ ടാങ്കുകളും ട്രക്കുകളും എന്‍എസ്ജിയെ സഹായിച്ചു. ആധുനിക ആയുധങ്ങളുമേന്തി എന്‍എസ്ജിയുടെ മുന്നൂറോളം കരിമ്പൂച്ചകളാണു പ്രത്യാക്രമണത്തില്‍ പങ്കെടുത്തത്.അക്രമികള്‍ ആദ്യം പ്രവേശിച്ചത് മിലിറ്ററി എന്‍ജിനീയറിങ് സര്‍വീസിന്റെ വര്‍ക്‌ഷോപ്പിലേക്കായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അവിടെ അക്രമികള്‍ ഒരു ബസ്സ് തീവച്ചു നശിപ്പിച്ചു. ഒരു ട്രക്ക് കേടുവരുത്തുകയും ചെയ്തു. പിന്നീടവര്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ വാസസ്ഥലത്തെ രണ്ട് ഇരുചക്രവാഹനങ്ങള്‍ തകര്‍ത്തു. കാന്റീനിനടുത്തുള്ള നിബിഡവനത്തിലേക്ക് അവര്‍ കയറുകയും ചെയ്തു. അവിടെവച്ചാണു മൂന്ന് അക്രമികളെ സുരക്ഷാസേന വധിച്ചത്. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മരങ്ങളുടെ കൊമ്പുകള്‍ മുറിച്ചു സൈന്യം കാട് വെട്ടിത്തെളിയിച്ച് പ്രത്യാക്രമണം ശക്തമാക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുടര്‍ന്നു നടന്ന ശക്തമായ ഏറ്റുമുട്ടലിലാണ് ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജനടക്കമുള്ള സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടത്.


വ്യോമതാവളത്തില്‍ തിരച്ചില്‍ തുടരുന്നു
പത്താന്‍കോട്ട്: ആക്രമണം നടന്ന പത്താന്‍കോട്ട് വ്യോമതാവളത്തില്‍ സുരക്ഷാസേന ബുധനാഴ്ചയും തിരച്ചില്‍ നടത്തി. സ്ഥിതിഗതിക ള്‍ നേരിട്ടു വിലയിരുത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) തലവന്‍ ശരത്കുമാര്‍ ഇന്നലെ പത്താന്‍കോട്ടിലെത്തി. ഒന്നോ രണ്ടോ ദിവസംകൂടി തിരച്ചില്‍ തുടരുമെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമികളെന്നു സംശയിക്കുന്നവര്‍ വ്യോമതാവളത്തിലില്ലെന്നും തിരച്ചില്‍ ഒരുദിവസംകൂടി തുടരുമെന്നും ചൊവ്വാഴ്ച കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞിരുന്നു. പൊട്ടാത്ത ബോംബുകളോ മറ്റ് ആയുധങ്ങളോ ഉ ണ്ടോ എന്നു പരിശോധിക്കാന്‍ വേണ്ടിയാണു തിരച്ചില്‍ നടത്തുന്നതെന്നും മന്ത്രി വിശദമാക്കിയിരുന്നു.ആക്രമണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷണത്തിനു വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ നേരത്തെ ഒരു തുമ്പുമില്ലാത്ത നിരവധി കേസുകള്‍ എന്‍ഐഎ തെളിയിച്ചിട്ടുണ്ടെന്നും ശരത്കുമാര്‍ പറഞ്ഞു. മൂന്ന് കേസുകളാണ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തത്. ടാക്‌സി ഡ്രൈവറുടെ കൊല, പോലിസ് സൂപ്രണ്ടിനെ തട്ടിക്കൊണ്ടുപോവല്‍, വ്യോമതാവളം ആക്രമിക്കല്‍ എന്നീ സംഭവങ്ങളിലാണ് കേസുകള്‍. ഇതിനിടെ വ്യോമതാവളത്തിനുസമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഒരാളെ കഴിഞ്ഞദിവസം സുരക്ഷാസേന കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it