ernakulam local

പത്താം ക്ലസ് കുട്ടികള്‍ നീന്തല്‍ പഠിക്കുന്നു

പറവൂര്‍: വെള്ളത്തിലുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ മൂത്തകുന്നം എസ്എന്‍എം ഹൈസ്‌കൂളിലെ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ഥികളും നീന്തല്‍ പഠിക്കുന്നു. ഇരുപത്തിയഞ്ച് കിലോമീറ്റര്‍ അകലെയുള്ള കുഴിക്കാട്ടുശ്ശേരി മുത്തേടത്ത് മഷിക്കുളത്തിലാണ് നീന്തല്‍ പഠനം. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള പന്ത്രണ്ടായിരത്തിലധികം (12,000) പേരെ സൗജന്യമായി നീന്തല്‍ പഠിപ്പിച്ച മുത്തേടത്ത് എം എസ് ഹരിലാലാണ് പരിശീലകന്‍. ഇദ്ദേഹത്തിന്റെ വീട്ടിലെ ഒന്നര ഏക്കറോളം വരുന്ന കുളത്തിലാണ് നീന്തല്‍ പഠിപ്പിക്കുന്നത്. പന്ത്രണ്ട് അടിയോളം ആഴമുള്ള കുളത്തില്‍ കാറ്റ് നിറച്ച ടയര്‍ട്യൂബ് ദേഹത്തണിഞ്ഞാണ് കുട്ടികള്‍ കുളത്തിലിറങ്ങുന്നത്. നീന്തല്‍ വശമാവുന്നതനുസരിച്ച് ട്യൂബ് മാറ്റും. അമ്പത് മീറ്റര്‍ വീതിയുള്ള മഷിക്കുളത്തിനു കുറുകെ നീന്തിയാല്‍ പരിശീലനം പൂര്‍ത്തിയായി. മൂത്തകുന്നം സ്‌കൂളിലെ 96 ആണ്‍കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കി. 90 പെണ്‍കുട്ടികളുടെ പരിശീലനം നടന്നു വരികയാണ്. അറുപത് കുട്ടികളെയാണ് ഒരേസമയം നീന്തല്‍ പഠിപ്പിക്കുന്നത്. ദിവസവും ഒരു മണിക്കൂര്‍ പരിശീലനം. അഞ്ചു മുതല്‍ ഏഴ് ദിവസം കൊണ്ട് നീന്തല്‍ പഠിക്കും. 25 മീറ്റര്‍ സ്വതന്ത്രമായി നീന്തിയാല്‍ ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്  പ്ലസ്ടു പ്രവേശനത്തിന് ഗ്രേയ്‌സ് മാര്‍ക്കുണ്ട്. സ്‌കൂളില്‍ നിന്നും വൈകീട്ട് മൂന്നോടെ അറുപത്‌പേര്‍ അടുങ്ങുന്ന കുട്ടികള്‍ ബസ്സില്‍ കുഴിക്കാട്ടുശ്ശേരിയിലെത്തും. ഒരു മണിക്കൂര്‍ പരിശീലനത്തിനു ശേഷം വൈകീട്ട് അഞ്ചോടെ തിരിച്ച് കുട്ടികള്‍ സ്‌കൂളിലെത്തും.
Next Story

RELATED STORIES

Share it