Idukki local

പത്താംക്ലാസുകാരെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ മര്‍ദിച്ചു



അടിമാലി: അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ രണ്ടു കുട്ടികളെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ബസ്സില്‍ സഞ്ചരിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പത്തിലേറെ വിദ്യാര്‍ത്ഥികളാണ് തങ്ങളെ മര്‍ദിച്ചതെന്ന് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ തേജസിനോട് പറഞ്ഞു. വയറിനും നെഞ്ചിനും പരിക്കേറ്റ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിപ്പിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കാനും ശ്രമം നടന്നു. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേറ്റാല്‍ ചൈല്‍ഡ് ലൈനും പോലിസിനും വിവരം നല്‍കേണ്ട സ്‌കൂള്‍ അധികൃതര്‍ സംഭവം ഒതുക്കി തീര്‍ക്കാനാണ് ശ്രമിച്ചത്. ഒരു സമുദായ നേതാവിന്റെ നേതൃത്വത്തില്‍ മര്‍ദിച്ച വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാനും ശ്രമം നടക്കുന്നുണ്ട്. സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ കുട്ടികളുടെ ചിത്രമെടുക്കുന്നതില്‍ നിന്നു തടയുകയും ഭീഷണിപ്പെടുത്തി മടക്കി അയക്കാനും ശ്രമം നടന്നു. കുറച്ചു നാള്‍ മുമ്പും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അടിമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വച്ച് ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിരുന്നു. സ്റ്റാന്‍ഡിലെ ചുമട്ടു തൊഴിലാളികളും ബസ് ജീവനക്കാരും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. ഈ സംഭവങ്ങളെല്ലാം മൂടി വച്ചു കൊണ്ട് കുറ്റം ചെയ്തവരെ സംരക്ഷിക്കാനുള്ള നീക്കത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it