പത്തനാപുരവും കൊട്ടാരക്കരയും വേണമെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള

തിരുവനന്തപുരം: ഗൗരിയമ്മയ്ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള എകെജി സെന്ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ കൊട്ടാരക്കരയും പത്തനാപുരവും നല്‍കണമെന്ന് പിള്ള സിപിഎമ്മിനോട് ആവശ്യപ്പെട്ടു. ചവറയില്‍ മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്നും പിള്ള അറിയിച്ചതായാണ് വിവരം.
ഒന്നര വര്‍ഷത്തിലേറെയായി എല്‍ഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന തനിക്ക് അര്‍ഹമായ പരിഗണന കിട്ടണമെന്ന ആവശ്യമാണ് പിള്ള ചര്‍ച്ചയില്‍ ഉന്നയിച്ചത്. ആര്‍ ബാലകൃഷ്ണപിള്ളയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സി മനോജ്കുമാറുമാണ് സിപിഎം നേതാക്കളെ കണ്ടത്. രണ്ടുസീറ്റ് ചോദിച്ചെങ്കിലും പത്തനാപുരം സീറ്റ് നല്‍കാമെന്ന് ചര്‍ച്ചയില്‍ സിപിഎം നേതാക്കള്‍ അറിയിച്ചതായാണ് സൂചന. അതേസമയം, താന്‍ എല്‍ഡിഎഫിന് വിധേയനാണെന്ന് ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ ബാലകൃഷ്ണപിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ മാത്രമേ മല്‍സരിക്കൂ. കേരളാ കോണ്‍ഗ്രസ് വിമതരുടെ സ്വാധീനം എല്‍ഡിഎഫ് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, കോണ്‍ഗ്രസ് എസ് നേതാക്കളും ഇന്നലെ ഇടത് നേതൃത്വവുമായി ചര്‍ച്ച നടത്തി. മൂന്ന് സീറ്റ് അനുവദിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്-എസ് നേതാക്കളായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ശങ്കരനാരായണപിള്ള, ടി ഇ വര്‍ഗീസ് എന്നിവരാണ് ചര്‍ച്ച നടത്തിയത്. അഞ്ചു സീറ്റുകള്‍ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം ആവശ്യപ്പെട്ടു. അഴീക്കോട്, തൃശൂര്‍ അല്ലെങ്കില്‍ വടക്കാഞ്ചേരി, കോട്ടയം അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി, ഇരവിപുരം, വര്‍ക്കല എന്നിവയാണ് സിഎംപിയുടെ ആവശ്യം. ഈ മാസം 10നു ചേരുന്ന എല്‍ഡിഎഫ് കഴിഞ്ഞ് ചര്‍ച്ചയാവാമെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.
Next Story

RELATED STORIES

Share it