Kollam Local

പത്തനാപുരത്ത് വീടുകള്‍ കേന്ദ്രീകരിച്ച് വന്‍കവര്‍ച്ച

പത്തനാപുരം: പത്തനാപുരത്ത്  വീടുകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ച. വീടുകള്‍ കുത്തി തുറന്ന സംഘം ലക്ഷങ്ങള്‍ കവര്‍ന്നു. മൂന്ന് വീടുകളിലായിരുന്നു മോഷണം. ഒരു വീട്ടില്‍ നിന്നും അലമാര കുത്തിതുറന്ന് 535000 രൂപയും വാച്ചും കവര്‍ന്നു. പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് വൈ തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കഴിഞ്ഞ പതിനെട്ടിനായിരുന്നു തോമസിന്റെ മകന്‍ ജസ്റ്റിന്റെ വിവാഹ നിശ്ചയം. ജനുവരി മൂന്നിനാണ് കല്യാണം നിശ്ചയിച്ചിരുക്കുന്നത്. മകന്റെ വിവാഹ ആവശ്യത്തിനായി ബാങ്കില്‍ നിന്നും ലോണെടുത്തതും ബന്ധുക്കള്‍ സംഭാവന നല്‍കിയതുമായ രൂപയാണ് അലമാര കുത്തിതുറന്ന് മോഷ്ടാക്കള്‍ അപഹരിച്ചത്. വീടിന്റെ പിന്‍ വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നത.് അലമാരയിലും മേശയിലുമുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. സമീപത്തായുള്ള തെക്കേടത്ത് സാറാമ്മ ഐപ്പ്, എബനേസര്‍ വീട്ടില്‍ സാംകുട്ടി എന്നിവരുടെ വീട്ടിലും മോഷണം നടന്നു. സാംകുട്ടിയുടെ വീട്ടില്‍ നിന്നും 1800 രൂപ കവര്‍ന്നു. സാറാമ്മ ഐപ്പിന്റെ വീട്ടില്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാക്കള്‍ ഓടി മറയുകയായിരുന്നു. എല്ലാ വീടുകളിലും പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കൊല്ലത്ത് നിന്നും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. അന്തര്‍ സംസ്ഥാന മോഷ്ടാക്കളാകാമെന്ന് പോലിസ് പറയുന്നു.പത്തനാപുരം പോലിസ് കേസെടുത്തു. ദേവാലയങ്ങളും വീടുകളും കേന്ദ്രീകരിച്ച് അടുത്തിടെ നിരവധി മോഷണങ്ങള്‍ നടന്നിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it