Kollam Local

പത്തനാപുരത്ത് പേപ്പട്ടിയുടെ ആക്രമണം: നൂറോളം പേര്‍ക്ക് കടിയേറ്റു



പത്തനാപുരം:പത്തനാപുരത്ത് പേപ്പട്ടിയാക്രമണത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റവ 12പേരെ തിരുവന്തപുരം മെഡിക്കല്‍ കോളജിലും,പുനലൂര്‍ കൊട്ടാരക്കര, അടൂര്‍ തുടങ്ങിയ താലൂക്കാശുപത്രികളില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 നും ഇന്നലെ രാവിലെ എട്ടിനും ഇടയിലാണ് ആക്രമണം നടന്നത്. പത്തനാപുരം കെ എസ് ആര്‍ ടി സി ഡിപ്പോ, സെന്‍ട്രല്‍ ജങ്ഷന്‍, ഇടത്തറ, കുണ്ടയം ഗാന്ധിഭവന്‍ ജങഷന്‍ എന്നിവടങ്ങളില്‍ വച്ചാണ് മിക്കവര്‍ക്കും പട്ടിയുടെ കടിയേറ്റത്. നൂറ് പേര്‍ എന്നത് സ്ഥിരീകരിക്കാത്ത കണക്കാണ്. ഇതിലും കൂടുതല്‍ പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിട്ടുള്ളതായാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ബസിന്റെ തകരാര്‍ പരിഹരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി മെക്കാനിക് കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശി ജി വി സ്മിബു(38) ന് പട്ടിയുടെ കടിയേല്‍ക്കുന്നത്. നിലവിളി കേട്ട് ഓടിയെത്തിയ ഡിപ്പോ ചാര്‍ജ്ജ്മാന്‍ ചന്ദനത്തോപ്പ് സ്വദേശി കെ സുരേഷ് കുമാറിനും (42) കടിയേറ്റു. സ്മിബുന്റെ കൈയ്ക്ക് ഗുരുതര പരിക്കാണ് സംഭവിച്ചത്. ഇരുവരെയും ആദ്യം പുനലൂര്‍ താലൂക്കാശുപത്രിയിലും അവിടെ നിന്നും മെഡിക്കല്‍ കോളജിലേക്കും മാറ്റി. പത്തനാപുരം കുണ്ടയം സ്വദേശികളായ അബ്ദുള്‍ അസീസ് (63), ഷിബു (36), മധു (54), ശ്യാം സാം(23), മുഹമ്മദ് (22), സുരേഷ് ബാബു (40) , ശക്തി (37), വാസുദേവന്‍ നായര്‍ (75), ഡോളി തോമസ് (48), വസുമതിയമ്മ (60), അരുണ്‍ തോമസ് (27) എന്നിവരാണ് നിലവില്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളവര്‍ .ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നും പേപ്പട്ടിയെ തല്ലികൊന്നതായും നാട്ടുകാര്‍ പറഞ്ഞു. മറ്റ് തെരുവ് നായ്ക്കളെയും പേപ്പട്ടി കടിച്ചട്ടുണ്ട്. ഇതോടെ പേവിഷബാധ മറ്റ് നായ്ക്കള്‍ക്കും ഏറ്റിട്ടുള്ളതായുളള ആശങ്കയിലാണ് പ്രദേശവാസികള്‍ . ഒരാഴ്ച മുമ്പാണ് സമീപ പ്രദേശമായ പട്ടാഴിയില്‍ പതിനെട്ടുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റത്. പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ കടുവാത്തോട്, ചെളിക്കുഴി, പടിഞ്ഞാറുവിള തുടങ്ങിയ പ്രദേശങ്ങളില്‍ വച്ചാണ് ഇതരസംസ്ഥാന തൊഴിലാളികളും,സ്‌കൂള്‍ വിദ്യാര്‍ഥികളുമടക്കം പതിനെട്ടുപേരെ പേപ്പട്ടി കടിച്ചത്. ഇതോടെ കിഴക്കന്‍ മേഖലയില്‍ പേപ്പട്ടിയാക്രമണം നിത്യ സംഭവമായി മാറിയിരിക്കുകയാണ് .
Next Story

RELATED STORIES

Share it