Kollam Local

പത്തനാപുരത്ത് കരിമ്പനി: പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

കൊല്ലം: പത്തനാപുരത്തെ പിറവന്തൂരില്‍ 'കാലാ അസര്‍' എന്നറിയപ്പെടുന്ന കരിമ്പനി സ്ഥിരീകരിച്ചുതോടെ പ്രദേശത്ത് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ചെമ്പനരുവി ആദിവാസി കോളനിയിലാണ് രോഗബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

ഡിഎംഒ ഡോ.ഷേര്‍ളി, ഡെപ്യൂട്ടി ഡിഎംഒ ആര്‍ സന്ധ്യ, എപ്പിഡമോളജിസ്റ്റ് ഡോ.സൗമ്യ, മലേറിയ ഓഫിസര്‍ സുരേഷ്, ബയോളജിസ്റ്റ് സജു, ഡോക്ടര്‍മാരായ മീനാക്ഷി, സുകുമാരന്‍, ഫാറൂഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ചെമ്പനരുവി കോളനിയില്‍ സന്ദര്‍ശനം നടത്തി. ഇന്ന് ഇവിടെ പനി സര്‍വേ നടത്തും. നാളെമുതല്‍ പ്രദേശത്ത് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പനിയെ പ്രതിരോധിക്കുന്നതിനുള്ള മരുന്ന് തളിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. 28ന് പ്രദേശത്ത് പനിയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കും. വിവിധ ഭാഗങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുവാനും തീരുമാനമായി.
ആദിവാസി കോളനിയിലെ മറിയാമ്മ(62)യ്ക്കാണ് രോഗബാധ ഉള്ളതായി കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പതോളജി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊതുകിനെക്കാളും തീരെ വലിപ്പം കുറഞ്ഞ ഈച്ചകള്‍ മനുഷ്യശരീരത്തില്‍ നിന്ന് രക്തം കുടിക്കുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്. നനവുള്ള ചെളിയിലും മണ്ണിലുമാണ് ഇവയെ കാണപ്പെടുന്നത്. രോഗവാഹകരായ ഈച്ചകള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അപകടകരമായ അവസ്ഥയാകും ഉണ്ടാകുകയെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യരിലേയ്ക്കും മൃഗങ്ങളിലേയ്ക്കും ഇവ പടരാന്‍ കാരണമാകും.
മറിയാമ്മയില്‍ നടത്തിയ പരിശോധനയില്‍ വടക്കേഇന്ത്യയില്‍ കാണപ്പെടുന്ന തരത്തിലുള്ള പാരസൈറ്റാണ് കണ്ടെത്തിയതെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇടയ്ക്കിടെയുണ്ടാകുന്ന പനിയും ഭക്ഷണത്തില്‍ താല്‍പ്പര്യമില്ലായ്മയും ക്ഷീണവും വിളര്‍ച്ചയുമാണ് രോഗലക്ഷണം. പ്ലീഹ വലുതാകുന്നതോടെ രോഗബാധ ഗുരുതരമാകും. സാന്‍ഡ്ഫ്‌ളൈ എന്നറിയപ്പെടുന്ന ഒരുതരം മണ്ണീച്ചയാണ് രോഗം പടര്‍ത്തുന്നത്. രോഗം പടര്‍ത്തുന്ന ഈച്ച പിറവന്തൂരില്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കാനായി ഇവയെ ശേഖരിച്ച് കോട്ടയത്തെ വെക്ടര്‍ കണ്‍ട്രോള്‍ ലബോറട്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്.
പ്രവാസികളല്ലാത്തവരില്‍ കേരളത്തില്‍ രോഗബാധ കണ്ടെത്തുന്ന രണ്ടാമത്തെ സംഭവമാണിത്. 2005ല്‍ തെന്മലയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നാകാം രോഗം എത്തിയതെന്നാണ് കരുതപ്പെടുന്നത്. മറിയാമ്മയ്ക്ക് രക്തത്തിന്റെ കൗണ്ട് കുറയുകയും പ്ലീഹ വീക്കവും കണ്ടെത്തി. ചികില്‍സയിലൂടെ രോഗം ഭേദമാക്കാമെങ്കിലും കൂടുതല്‍ പേരില്‍ രോഗബാധയുണ്ടാകുന്നത് സ്ഥിതി വഷളാക്കും. ആദിവാസി കോളനിയില്‍ മിക്ക വീടുകളിലും നായ്ക്കള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളുള്ളത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കുന്നു. മനുഷ്യരിലെ രോഗം ചികില്‍സിച്ച് ഭേദമാക്കിയാലും മൃഗങ്ങളില്‍ ഇവയുടെ അണുക്കള്‍ കൂടുതല്‍ നാള്‍ സജീവമായി നിലനില്‍ക്കും.
Next Story

RELATED STORIES

Share it