Pathanamthitta local

പത്തനംതിട്ട നഗരസഭ : വിവിധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുത്ത ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുന്നു



പത്തനംതിട്ട: പത്തനംതിട്ട നഗരസഭ വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത വസ്തുവകകള്‍ സ്വകാര്യ വ്യക്തികള്‍ കൈവശം വച്ച് അനുഭവിക്കുന്നതായി മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജീബ എം സാഹിബ്. നഗരസഭാ അധികൃതര്‍ ഇതിന് ഒത്താശ ചെയ്യുകയാണ്. ഇത് പരിശോധിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തയ്യാറാവണം. പുതിയ ബസ് സ്റ്റാന്റിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയില്‍ സ്വകാര്യ വ്യക്തി ബോര്‍ഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം സ്ഥാപിച്ചു. റിങ് റോഡിന് സമീപത്തുള്ള റോഡ്, തോട് പുറമ്പോക്കും നഗരസഭയ്ക്ക് അന്യാധീനപ്പെടുകയാണ്. ഭുമാഫിയകളെ സഹായിക്കാന്‍ മാലിന്യ നിര്‍മാര്‍ജനത്തിന്റെ പേരില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. നഗരമാലിന്യം കാലങ്ങളായി നീക്കിയിരുന്നത് ശുചീകരണ തൊഴിലാളികളാണ്. 21 സ്ഥിരം തൊഴിലാളികളും 15 ദിവസവേതനക്കാരുമാണ് ഈ ജോലി നിര്‍വഹിച്ചുവന്നിരുന്നത്. എന്നാല്‍ ഇവരുടെ സേവനം ഉപേക്ഷിച്ചശേഷം ഇപ്പോള്‍ മാലിന്യ ശേഖരണത്തിനായി സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ട്. വീടുകളില്‍ നിന്നും കടകളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നതിന് വ്യക്തികള്‍ പ്രതിമാസം ഇവര്‍ക്ക് 200 രൂപയാണ് നല്‍കേണ്ടത്. മാസത്തില്‍ എട്ടുദിവസം മാത്രമെ ഇവര്‍ ഒരു വീട്ടില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ മാലിന്യം എടുക്കുകയുള്ളൂ. മൂന്നും നാലും ദിവസത്തെ മാലിന്യം സൂക്ഷിച്ചുവച്ചാല്‍ മാത്രമാണ് ഇവര്‍ അത് എടുക്കാന്‍ വരുന്നത്. നഗരസഭയില്‍ ദിവസം അഞ്ചു ടണ്‍ മാലിന്യം ഉണ്ടാവുന്നതായാണ് കണക്ക്. ഇത് ശേഖരിക്കാന്‍ നഗര സഭയിലെ ശുചീകരണ തൊഴിലാളികള്‍ ഉള്ളപ്പോള്‍ ആ ജോലി എന്തുകൊണ്ട് സ്വകാര്യ ഏജന്‍സിയെ നിയമിച്ചു എന്നതാണ് പ്രധാന ചോദ്യം. റിങ് റോഡിന് ഇരുവശത്തുമുള്ള വയലുകള്‍ മൂടുന്നതിനുവേണ്ടിയുള്ള കുറുക്കുവഴിയാണിതെന്ന് അജീബ ആരോപിച്ചു. നിലവിലുള്ള നിയമപ്രകാരം വയല്‍ നികത്താന്‍ അനുമതി ഇല്ലാത്ത സാഹചര്യത്തില്‍ നഗരസഭയിലെ മാലിന്യം നിക്ഷേപിച്ച് വയല്‍ നികത്തിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വയല്‍ നികത്തിയെടുക്കുന്നതിന് പുതിയ തന്ത്രമാണ് സ്വകാര്യ ഏജന്‍സി സ്വീകരിച്ചിട്ടുള്ളത്. മാലിന്യം ഇടാന്‍ സ്ഥലം വാടകയ്ക്ക് എടുക്കുന്നുവെന്ന് വരുത്തിതീര്‍ത്താണ് നഗരസഭയുടെ ചെലവില്‍ വയല്‍ നികത്തികൊടുക്കുന്നത്. ഒരു നഗരസഭാ കൗണ്‍സിലറുടെ സ്ഥലം ഇത്തരത്തില്‍ നികത്തി കഴിഞ്ഞതായി അജീബ ആരോപിച്ചു. 2003ല്‍ അന്നത്തെ നഗരസഭാ കൗണ്‍സില്‍ നഗരസഭാ ഓഫിസിന് സമീപമുള്ള പുറമ്പോക്കുഭൂമി ജില്ലാ ഭരണകൂടത്തില്‍ നിന്നും ഏറ്റെടുത്തിരുന്നു. സര്‍വേ നമ്പര്‍ 220/1-ല്‍ ഉള്‍പ്പെട്ട 1.27 ഏക്കര്‍ ഭൂമിയും സര്‍വേ നമ്പര്‍ 228-ല്‍ ഉള്‍പ്പെട്ട 1.38 ഏക്കര്‍ തോട് പുറമ്പോക്കും ഉള്‍പ്പെടുന്ന ഈ ഭൂമി മാലിന്യ നിക്ഷേപത്തിനായിട്ടായിരുന്നു വാങ്ങിയത്.
Next Story

RELATED STORIES

Share it