Pathanamthitta local

പത്തനംതിട്ട നഗരസഭ മാസ്റ്റര്‍ പ്ലാനിന്റെ ഫയലുകളും രേഖകളും കാണാനില്ല

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തിന്റെ വികസനത്തിനായി പത്തനംതിട്ട നഗരസഭ തയ്യാറാക്കിയ വകുപ്പ് മന്ത്രി പ്രഖ്യാപിച്ച മാസ്റ്റര്‍ പ്ലാനിന്റെ ഫയലുകളും അനുബന്ധ രേഖകളും കാണാനില്ല. നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ പെട്ടെന്ന് അപ്രത്യക്ഷമായ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍തന്നെ രംഗത്തു വന്നിരിക്കുകയാണ്. മുന്‍ ചെയര്‍മാന്‍ തന്റെ സ്വാധീനത്താല്‍ ഇത് മുക്കിയതെന്നാണ് ആക്ഷേപം. കൂടാതെ നഗരസഭയുമായി ബന്ധപ്പെട്ട പല രേഖകളും കാണാനില്ല.
മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച ഫയലിന്റെ പകര്‍പ്പ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റോഷന്‍ നായര്‍ വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഫയലുകള്‍ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ചെയര്‍പേഴ്‌സണ്‍ മുനിസിപ്പല്‍ എന്‍ജിനീയറോട് ഫയല്‍ ആവശ്യപ്പെട്ടു. സെക്ഷനില്‍ ഉണ്ടെന്ന് എന്‍ജിനിയര്‍ മറുപടി പറഞ്ഞെങ്കിലും പരിശോധിച്ചപ്പോള്‍ ഫയലിന്റെ പൊടിപോലുമില്ല.
കഴിഞ്ഞ ഭരണ സമിതിയുടെ ആദ്യകാലത്ത് ഉടന്‍ നടപ്പാക്കുമെന്ന് കൊട്ടിഘോഷിച്ചാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി പ്രഖ്യാപിച്ചത്. മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് മുന്‍ ചെയര്‍മാന്‍ എ സുരേഷ് കുമാര്‍ റിങ് റോഡിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍കിട ബിസിനസ് സ്ഥാപനങ്ങളുമായി കച്ചവടം ഉറപ്പിച്ചിരുന്നു. ഈ ഭരണ സമിതിയില്‍ തന്റെ ഭാര്യയെ ചെയര്‍പേഴ്‌സണാക്കി കച്ചവടം തുടരാമെന്ന മോഹത്തിലായിരുന്നു. എന്നാല്‍, രജനി പ്രദീപ് ചെയര്‍പേഴ്‌സണായയോടെ എല്ലാ മോഹങ്ങളും പൊളിഞ്ഞിരിക്കുകയാണ്. രണ്ടു വര്‍ഷത്തിന് ശേഷം ഭാര്യയെ ചെയര്‍പേഴ്ണാക്കി മാസ്റ്റര്‍ പ്ലാന്‍ നടത്തി ഇതിലൂടെ ബിസിനസുകാര്‍ക്ക് നല്‍കിയ മുന്‍ വാഗ്ദാനം നിറവേറ്റുകയും കരാര്‍ തുക വാങ്ങുകയുമായിരുന്നു സുരേഷിന്റെ ഉദ്ദ്യേശം. തന്റെ കാലത്ത് ഉണ്ടാക്കിയ പദ്ധതിയുടെ നേട്ടം മറ്റൊരാള്‍ നേടേണ്ടായെന്ന വാശിയും ഇതിനു പിന്നിലുണ്ട്.— ഇതിനായാണ് ചില ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ഫയലുകള്‍ മുക്കിയത്.
ഈ ഫയലുകള്‍ കാണാതായത് കൂടാതെ മുന്‍ ഭരണകാലത്ത് നടന്ന പല ക്രമക്കേടുകളും അന്വേഷിക്കാന്‍ ചെയര്‍പേഴ്‌സണ്‍ ഉത്തരവിട്ടിരിക്കുകയാണ്. നഗരസഭ ദുരിതാശ്വാസ നിധിയില്‍നിന്ന് മുന്‍ ചെയര്‍മാന്‍ തന്റെ വാര്‍ഡിലെ പ്രവര്‍ത്തനം നടത്തിയത്, കല്ലറക്കടവ് വാര്‍ഡുകളില്‍ നടന്ന തനത് ഫണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനം എന്നിവയെല്ലാം അന്വേഷിക്കും. മാസ്റ്റര്‍ പ്ലാന്‍ തപ്പിയെടുത്ത് ഇതിലെ വ്യവസ്ഥകള്‍ മനസ്സിലാക്കി മുന്‍ ചെയര്‍മാന്റെ മുഖ്യ നഗരാസൂത്രണ ഓഫിസില്‍നിന്ന് ഫയലിന്റെ പകര്‍പ്പ് എടുക്കാന്‍ യുഡിഎഫ് അംഗങ്ങള്‍ ശ്രമം നടത്തുകയാണ്.
മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് ഉള്ളതിനാല്‍ ഇവിടേക്ക് കൊണ്ടു പോയതെന്നാണ് ബന്ധപ്പെട്ട വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നല്‍കുന്ന വിശദീകരണം.
എന്നാല്‍, ഇത് കൊണ്ടുപോയതിന്റെ രേഖകളും രശീതും ആവശ്യപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ഈ തട്ടിപ്പിന് എതിരേ പ്രതിഷേധവുമായി രംഗത്തു വന്നതോടെ വാര്‍ത്തയായതോടെയും മുങ്ങിയ ഫയല്‍ ഉടന്‍ പ്രത്യക്ഷമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it