Pathanamthitta local

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണം : 7.20 കോടിയുടെ പദ്ധതി അപ്രത്യക്ഷമായി



പത്തനംതിട്ട: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജില്ലാ സ്‌റ്റേഡിയത്തിന്റെ വികസനത്തിനായി 7.20 കോടി അനുവദിച്ചുവെന്നത് സങ്കല്‍പ്പം മാത്രം. നിര്‍ദേശം ബജറ്റില്‍ വയ്ക്കാതിരുന്നത് കാരണം പദ്ധതി നടപ്പാകില്ല. പകരം, ഇതിന്റെ നിര്‍മാണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുക്കാന്‍ ഇന്നലെ കായികമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഇതിനായി വിദഗ്ധസംഘം അടുത്തമാസം സ്‌റ്റേഡിയം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 7.20 കോടി രൂപയാണ് സിന്തറ്റിക് ട്രാക്ക് നിര്‍മാണത്തിന് അനുവദിച്ചത്. ഇതിനായുള്ള ഭരണാനുമതിയും ലഭിച്ചിരുന്നു. ദേശീയ ഗെയിംസ് സ്‌റ്റേഡിയം നിര്‍മാണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി ജില്ലാ സ്‌റ്റേഡിയം സന്ദര്‍ശിച്ച് നല്‍കിയ എസ്റ്റിമേറ്റ് പ്രകാരമാണ് സിന്തറ്റിക് ട്രാക്ക് അടക്കം നിര്‍മിക്കാന്‍ 7.20 കോടി വകയിരുത്തിയത്. എന്നാല്‍, ഈ നിര്‍ദേശം ബജറ്റില്‍ വക കൊള്ളിക്കാതിരുന്നത് കാരണം പദ്ധതി തന്നെ അപ്രത്യക്ഷമായി. ഈ സാഹചര്യത്തിലാണ് വീണാ ജോര്‍ജ് എംഎല്‍എ മുന്‍കൈ എടുത്ത് കായികമന്ത്രി എ സി മൊയ്തീന്റെ ചേംബറില്‍ ഇന്നലെ യോഗം വിളിച്ചത്. നഗരഭസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, വൈസ് ചെയര്‍മാന്‍ പി.കെ. ജേക്കബ്, സെക്രട്ടറി എ.എം. മുംതാസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ. അനില്‍കുമാര്‍, സെക്രട്ടറി സി.പി. സെബാസ്റ്റ്യന്‍, സ്‌റ്റേഡിയം വികസനത്തിന് എസ്റ്റിമേറ്റ് തയാറാക്കിയ വിദഗ്ധ സമിതിയംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലെയും സ്‌റ്റേഡിയം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വികസിപ്പിച്ചു നല്‍കുന്ന വിധത്തിലാണ് പദ്ധതി തയാറാകുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ധാരണാ പത്രം ഒപ്പു വയ്ക്കണം. അതിന് ശേഷം ആവശ്യമായ ഫണ്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുവദിക്കും.  ഇതിന് മുന്നോടിയായി വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണ്. അതിനായി അടുത്ത മാസം ജില്ലയില്‍ യോഗം ചേരും. സംസ്ഥാന-ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ, സെക്രട്ടറി, നഗരസഭാ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, സ്‌റ്റേഡിയം വിദഗ്ധസമിതി അംഗങ്ങള്‍, എംഎല്‍എ പങ്കെടുക്കുന്ന യോഗം പദ്ധതിക്ക് അന്തിമ രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it