Pathanamthitta local

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ രക്തബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങള്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന രക്തബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. ലൈസന്‍സില്ലാത്തതിന്റെ പേരിലാണ് രക്തബാങ്ക് അടച്ചിട്ടിരിക്കുന്നത്. 2013ല്‍ രക്തവും രക്തഘടങ്ങളും വേര്‍തിരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ രക്തബാങ്ക് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ ഈ ഉത്തരവിന്റെ കാലാവധി കഴിഞ്ഞമാസം അവസാനിക്കുകയും ലൈസന്‍സിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ആശുപത്രി അധികൃതര്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തതോടെ രക്തബാങ്കിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അടൂര്‍, റാന്നി, കോന്നി, തിരുവല്ല എന്നീ താലൂക്ക് ആശുപത്രികളിലും പ്രവര്‍ത്തിക്കുന്ന സ്റ്റോറേജ് സെന്ററുകള്‍ക്ക് രക്തവും രക്തഘടകങ്ങളും വിതരണം ചെയ്തിരുന്നത് മദര്‍ ബ്ലെഡ് ബാങ്കായ ഇവിടെ നിന്നാണ്.
ജില്ലയിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും ഈ ആവശ്യത്തിനായി പത്തനംതിട്ടയിലെ മദര്‍ ബ്ലെഡ് ബാങ്കിനെയാണ് ആശ്രയിച്ച് വന്നിരുന്നത്. സ്വകാര്യ മേഖലയില്‍ കോഴഞ്ചേരിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഒരു ആശുപത്രിയില്‍ മാത്രമാണ് ഈ സൗകര്യങ്ങള്‍ ഉള്ളത്. മദര്‍ ബ്ലെഡ് ബാങ്കില്‍ നിന്ന് ബിപിഎല്‍ വിഭാഗക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്കും തികച്ചും സൗജന്യമായാണ് ഇവിടെ നിന്നും രക്തവും രക്തഘടകങ്ങളും നല്‍കിയിരുന്നത്. രക്തക്കുറവുള്ള രോഗികള്‍ക്ക് നാലുമുതല്‍ അഞ്ചുവരെ യൂനിറ്റ് രക്തം ആവശ്യമായിരിക്കെ ഒരു യൂനിറ്റ് രക്തത്തിന് സ്വകാര്യ മേഖലയില്‍ 1,300 രൂപ മുതല്‍ 1,500 വരെയാണ് ഈടാക്കുന്നത്. കൂടാതെ ക്രോസ് മാച്ച് ചെയ്യുന്നതിന് 900 രൂപ വരെ രോഗിയില്‍ നിന്ന് ഈടാക്കുന്നുണ്ട്.
സ്വകാര്യ ആശുപത്രികളില്‍ രക്തദാതാക്കളെയും രോഗികള്‍ കൊണ്ടുചെല്ലേണ്ടതിനാല്‍ ഈ ഇനത്തിലും നല്ലൊരു തുക ചെലവ് വരും. മദര്‍ ബ്ലെഡ് ബാങ്കിന്റെ പ്രവര്‍ത്തനം നിലച്ചതോടെ താലൂക്ക് ആശുപത്രികളിലെ രക്തബാങ്കുകളുടെ പ്രവര്‍ത്തനവും നിലച്ച അവസ്ഥയിലാണ്. ഇവിടെ നിന്ന് പ്രത്യേകം പരിശീലനം നേടിയ ജീവനക്കാരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റിയതായും പറയപ്പെടുന്നു. ലക്ഷക്കണക്കിന് രൂപ വില വരുന്ന ഉപകരണങ്ങളും അനുബന്ധ സൗകര്യങ്ങളും ഉപയോഗപ്പെടുത്താതെ സ്വകാര്യ മേഖലയെ സഹായിക്കാനുള്ള ശ്രമമാണെന്നും ആക്ഷേപമുണ്ട്.
രക്തബാങ്ക് പ്രവര്‍ത്തിച്ചിരുന്ന സമയത്തും ചില താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ രക്തത്തിനും ഘടകത്തിനുമായി സ്വകാര്യ ആശുപത്രിയെ സമീപിക്കാന്‍ രോഗികളെ പ്രേരിപ്പിച്ചിരുന്നത് ആരോപണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രക്തദാനത്തിനായി പത്തനംതിട്ടയില്‍ എത്തുന്ന ആളുകളെ നിരുല്‍സാഹപ്പെടുത്തുന്ന ചില ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി ആക്ഷേപമുണ്ട്. രക്തദാതാക്കളെ നഴ്‌സിങ് പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളെ കൊണ്ടാണ് പരിശോധിപ്പിച്ചിരുന്നതെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it