Pathanamthitta local

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി

പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായി. ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ മരിച്ച അജ്ഞാതന്റെ മൃതദേഹമാണ് കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിവരാവാകാശ അപേക്ഷയില്‍മേല്‍ മറുപടി ലഭിച്ചിരിക്കുന്നത്.
എന്നാല്‍ മൃതദേഹം അപ്രത്യക്ഷമായ വിവരം പോലിസ് സ്‌റ്റേഷനില്‍ അറിയിക്കാതിരുന്നതിലും ദൂരൂഹത ഏറെയാണ്. അജ്ഞാതന്‍ ചികില്‍സയിലിരിക്കേ മരിച്ച വിവരം പത്തനംതിട്ട പോലിസ് സ്‌റ്റേഷനില്‍ അറിയിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അറിയിപ്പ് ലഭിച്ചിട്ടും പോലിസ് അന്വേഷിച്ചതായി ആശുപത്രി രേഖകളില്‍ പറയുന്നില്ല.
ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 2008 സപ്തംബര്‍ 25ന് മരണമടഞ്ഞ ആളുടേതാണ് ഈ അജ്ഞാത മൃതദേഹം. ഈക്കാലയളവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചുമതലയുണ്ടായിരുന്നവര്‍ സൂപ്രണ്ട് പത്തനംതിട്ട നാരായണീയം വീട്ടില്‍ ഡോ. എസ് ആര്‍ സുരേഷ് ബാബുവും മോര്‍ച്ചറിയുടെ ചാര്‍ജ് ഹെഡ് നഴ്‌സ് കെ കെ രമണിക്കുമായിരുന്നു. മൃതദേഹം മറവു ചെയ്തിട്ടില്ലെന്നും ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ അജ്ഞാത മൃതദേഹത്തെ സംബന്ധിച്ച വിവരം തൊട്ടടുത്ത ദിവസം തന്നെ പത്തനംതിട്ട പോലിസ് സ്റ്റേഷനില്‍ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതായും രേഖകളിലുണ്ട്.
പോലിസിനെയോ, ആരോഗ്യ വകുപ്പിന്റെ മേധാവികളെയോ അറിയിക്കാതെ അന്നു ചുമതലയിലുണ്ടായിരുന്ന ആശുപത്രി സൂപ്രണ്ടും ബന്ധപ്പെട്ട ജീവനക്കാരും വര്‍ഷങ്ങളായി മറച്ചുവച്ച വിവരമാണ് വിവരാവകാശ രേഖ വഴി ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കിടന്ന് മരണപ്പെടുകയും ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്യാത്ത അജ്ഞാത മൃതദേഹങ്ങളുടെയും മറ്റും വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് പത്തനംതിട്ട കുലശേഖരപതി തോലിയാനിക്കല്‍ വീട്ടില്‍ സി റഷീദ് നല്‍കിയ അപേക്ഷയ്ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വിവരാവകാശ ഉദ്യോഗസ്ഥനില്‍ നിന്നു ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങള്‍ വെളിവാകുന്നത്.
അജ്ഞാത മൃതദേഹം തേടി ആരും എത്താതിരുന്ന സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ സ്വകാര്യ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പഠനം നടത്തുന്നതിനായി ലക്ഷങ്ങള്‍ ഈടാക്കി കൈമാറിയതാവാമെന്ന സംശയമാണ് ഉയരുന്നത്.
Next Story

RELATED STORIES

Share it