Pathanamthitta local

പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ വീണ്ടും അപകടം

ഓമല്ലൂര്‍: പത്തനംതിട്ട-കൈപ്പട്ടൂര്‍ റോഡില്‍ വീണ്ടും അപകടം. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരനായ യുവാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്തു. പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കുരിശടി ജങ്ഷനിലായിരുന്നു അപകടം.
ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കൈപ്പട്ടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിന് മുന്നിലൂടെ ബൈക്ക് യാത്രികന്‍ തിരിച്ചെടുക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചു. നിയന്ത്രണംവിട്ട ബസ് ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വലതുവശത്തുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. 11 കെവി പോസ്റ്റ് രണ്ടായി ഒടിഞ്ഞെങ്കിലും ലൈനില്‍ തങ്ങി നിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ബൈക്ക് യാത്രികന്റെ പരിക്ക് സാരമുള്ളതല്ല. മൂന്നു ദിവസത്തിനിടെ ഈ റോഡില്‍ ഇതു രണ്ടാമത്തെ അപകടമാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കൈപ്പട്ടൂര്‍ പാലത്തിനും ഉഴുവത്ത് ക്ഷേത്രത്തിനും മധ്യേ ഇടിച്ചു തകര്‍ത്തത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകളാണ്. പത്തനംതിട്ട-കൈപ്പട്ടൂര്‍-പന്തളം, പത്തനംതിട്ട-കൈപ്പട്ടൂര്‍-അടൂര്‍ റോഡുകളില്‍ അമിതവേഗതയിലാണ് വാഹനങ്ങള്‍ പായുന്നത്.
പത്തനംതിട്ട സ്‌റ്റേഡിയം ജങ്ഷന്‍ മുതല്‍ അടൂര്‍, പന്തളം വരെയുള്ള റോഡുകള്‍ മികച്ച രീതിയില്‍ നിര്‍മിച്ചവയാണ്. നേര്‍രേഖയില്‍ കിടക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ 80-120 കി.മീറ്റര്‍ വേഗതയിലാണ് പായുന്നത്. ഇതിനിടെ നിരവധി അപകടമേഖലകളുണ്ട്. പ്രധാന റോഡിലേക്ക് ബൈറൂട്ടില്‍ നിന്ന് വന്നു കയറുന്ന തിരക്കുള്ള റോഡുകളുമുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെയാണ് വാഹനങ്ങള്‍ ചീറിപ്പായുന്നത്. ഏറ്റവുമധികം വേഗതയില്‍ പോവുന്നത് ടിപ്പറും ടണ്‍കണക്കിന് ഭാരം കയറ്റിയ മാന്‍ ലോറികളുമാണ്.
ചെറുവാഹനങ്ങളെയോ എതിരേ വരുന്ന വാഹനങ്ങളെയോ ഇതിന്റെ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കാറില്ല. ഈ റോഡിന്റെ ചില ഭാഗങ്ങളില്‍ വലിയ വളവുകളുമുണ്ട്. പത്തനംതിട്ടയില്‍ നിന്ന് വിട്ടാല്‍ ഷട്ടര്‍മുക്ക് വരെ റോഡ് ഒരേ രീയിലിലാണ് പോകുന്നത്. ഷട്ടര്‍ മുക്കിന് വലിയ വളവുണ്ട്. കൊടുന്തറ ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിയുന്നതും ഇവിടെയാണ്. വലിയ വളവുണ്ടെന്ന കാര്യം അറിഞ്ഞു കൊണ്ടു തന്നെ ഇവിടെയെത്തുമ്പോള്‍ വാഹനങ്ങള്‍ വേഗം കൂട്ടുകയും ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. ഇവിടെ വേഗനിയന്ത്രണത്തിനായി ഹമ്പും സൂചനാ ബോര്‍ഡും സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇവിടെ നിന്ന് നൂറുമീറ്റര്‍ മുന്നോട്ടു ചെന്നാല്‍ പുത്തന്‍പീടിക വലിയ വളവായി.
ഇവിടെയും വാഹനങ്ങള്‍ക്ക് അമിതവേഗമാണ്. പോരെങ്കില്‍ അപകടം വര്‍ധിപ്പിക്കുന്ന തരത്തില്‍ റോഡിന്റെ ഓരത്ത് മല്‍സ്യകച്ചവടവും നടക്കുന്നു. ക്ഷേത്രം ജങ്ഷന്‍, കുരിശടി ജങ്ഷന്‍, മിലിട്ടറി കാന്റീന്‍, മാര്‍ക്കറ്റ് ജങ്ഷന്‍ എന്നിവിടങ്ങളും അപകടമേഖലയാണ്. പുത്തന്‍പീടിക വലിയ വളവ് കഴിഞ്ഞാല്‍ പിന്നെ അഞ്ചു കിലോമീറ്റര്‍ വാഹനങ്ങള്‍ക്ക് ചീറിപ്പാഞ്ഞു പോകാം. ഇത്രയും ഭാഗത്താണ് ഏറ്റവുമധികം അപകടം നടക്കുന്നത്. ഇവിടെയെല്ലാം സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കേണ്ടതുണ്ട്. കൈപ്പട്ടൂരിലെത്തി പന്തളത്തിനോ, അടൂരിനോ തിരിഞ്ഞാലും വാഹനങ്ങളുടെ വേഗത ഒട്ടും കുറയില്ല.
റോഡ് സഞ്ചാരയോഗ്യമാണെങ്കിലും വീതിയില്ലാത്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. വാഹനങ്ങളുടെ വേഗനിയന്ത്രണത്തിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ അപകടത്തിന് തന്നെ കാരണമായേക്കും.
Next Story

RELATED STORIES

Share it