Pathanamthitta local

പത്തനംതിട്ട കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും



പത്തനംതിട്ട: നിര്‍മാണത്തിലിരിക്കുന്ന കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 18 കടമുറികള്‍ ലേലത്തില്‍ പോയി. ഇതുവഴി 5.04 കോടി രൂപ നിക്ഷേപമായി ലഭിക്കും. ഇത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി ഡിസംബറോടെ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആര്‍ടിസി. ഒന്നാം നിലയിലെ മുറികള്‍ക്ക് അപേക്ഷകര്‍ കുറവായതിനാല്‍ ലേലം മാറ്റിവച്ചു. തിയ്യതി പിന്നീട് അറിയിക്കും. താഴത്തെ നിലയില്‍ 20 മുറികളാണുള്ളത്.  വലിപ്പമനുസരിച്ച് ഓരോന്നിനും 30 മുതല്‍ 40 ലക്ഷം രൂപ വരെ ലഭിച്ചു. ഇവിടെ കെഎസ്ആര്‍ടിസി നിശ്ചയിച്ച അടിസ്ഥാന തുക ഒരു മുറിക്ക് 23 ലക്ഷമായിരുന്നു.   വനിതകളുടെ ടോയ്‌ലറ്റിനോടു ചേര്‍ന്നുള്ള രണ്ടു മുറികളുടെ ലേലമാണ് നടക്കാതെ പോയത്. 126 അപേക്ഷകരാണ് താഴത്തെ നിലയിലെ മുറികളുടെ ലേലത്തിനുണ്ടായിരുന്നത്. ഒന്നാം നിലയിലെ 27 മുറികള്‍ക്ക് 11അപേക്ഷകര്‍ മാത്രമായിരുന്നതിനാലാണ് ലേലം മാറ്റിവച്ചത്. ഇവിടെ ഒരു മുറിക്കുള്ള അടിസ്ഥാന ലേലത്തുക 18 ലക്ഷമായിരുന്നു. അടിസ്ഥാന തുകയില്‍ നിന്ന് 10,000 രൂപയെങ്കിലും കൂട്ടിയെടുത്താലേ ലേലം ഉറപ്പിക്കാനാവൂ. സ്‌ക്വയര്‍ ഫീറ്റിന് 35 രൂപ നിരക്കിലാണ് താഴത്തെ മുറികളുടെ വാടക നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം നിലയിലെ മുറികള്‍ക്ക് 25 രൂപയാണ് നിരക്ക്. രണ്ടു വര്‍ഷമാണ് കാലാവധി. അതു കഴിഞ്ഞ് 10 ശതമാനം വച്ച് വര്‍ഷം തോറും വര്‍ധിക്കും. പലിശ രഹിത ഡെപ്പോസിറ്റുകളുടെ കാലാവധിയും രണ്ടു വര്‍ഷമാണ്. തിരുവല്ല കെഎസ്ആര്‍ടിസി ടെര്‍മിനലിനെ അപേക്ഷിച്ച് പത്തനംതിട്ടയിലെ ലേലം വന്‍ വിജയമാണെന്ന് ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ ഐസക് കുട്ടി പറഞ്ഞു. തിരുവല്ലയില്‍ താഴെ എല്ലാ മുറികള്‍ക്കും വാടകക്കാരില്ല. പത്തനംതിട്ടയില്‍ ആദ്യ ദിവസം തന്നെ 90 ശതമാനം മുറികളും ലേലത്തില്‍ പോയി. ഭിത്തികള്‍ കെട്ടാതെ പില്ലറില്‍ നിര്‍ത്തിയാണ് ലേലം നടത്തിയത്. കടകള്‍ നടത്തുന്നവര്‍ക്ക് സൗകര്യപ്രദമായ നിലയില്‍ കെട്ടിത്തിരിക്കാം. ഒരു ഷട്ടര്‍ കെഎസ്ആര്‍ടിസി നിര്‍മിച്ചു നല്‍കും. ടെര്‍മിനല്‍ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ലേലത്തില്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ ഐസക് കുട്ടി, ചീഫ് എന്‍ജിനീയര്‍ ഇന്ദു, എക്‌സി. ഡയറക്ടര്‍ ഷറഫ് മുഹമ്മദ്, പത്തനംതിട്ട ഡിടിഒ ഉദയകുമാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it