പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഭൂചലനം; വീടുകള്‍ക്ക് വിള്ളല്‍

പത്തനംതിട്ട/ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ അടൂര്‍ മേഖലയിലും ആലപ്പുഴ ജില്ലാ അതിര്‍ത്തിയിലും ഭൂചലനം. ഇന്നലെ രാവിലെ 10.30നാണ് വന്‍ മുഴക്കത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഭയന്ന ജനങ്ങള്‍ പലരും പുറത്തേക്കോടി. പള്ളിക്കല്‍ പഞ്ചായത്തിലെ 14ാം മൈല്‍, പഴകുളം, പുള്ളിപ്പാറ, കോലമല, കുരമ്പാല തെക്ക്, കുടശനാട് മേഖലകളിലും ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിപ്രദേശമായ പാലമേല്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലുമാണ് ഭൂമികുലുക്കം ഉണ്ടായത്. പള്ളിക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും കുരമ്പാലയിലെ ചില പ്രദേശങ്ങളിലും ഉള്‍പ്പെടെ തൊണ്ണൂറിലേറെ വീടുകള്‍ക്കും പാലമേല്‍ പഞ്ചായത്തിലെ നിരവധി ഭിത്തികളിലും വിള്ളലുണ്ടായി. ചില സ്ഥലങ്ങളില്‍ ഭൂമിയിലും വിള്ളലുകള്‍ പ്രകടമായി. മതിലുകള്‍ ഇടിഞ്ഞുവീണു.
ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിപ്രദേശമായ ചാരുംമൂട് മേഖലയിലും രാവിലെ 10.50ന് നേരിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര, ഉളവുക്കാട്, തണ്ടാനുവിള പ്രദേശങ്ങളിലാണ് ചലനം അനുഭവപ്പെട്ടത്. ഇവിടെയും നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്.
നേരിയതോതിലുള്ള ഇത്തരം ഭൂചലനത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നില്‍ താഴെയുള്ള ചെറുചലനങ്ങള്‍ ഉപകരണങ്ങളില്‍ രേഖപ്പെടുത്താറില്ല.

Next Story

RELATED STORIES

Share it