Districts

പത്തനംതിട്ടയില്‍ കഴിഞ്ഞകാല ചരിത്രം തിരുത്തുമോ?

എസ് ഷാജഹാന്‍

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പത്തനംതിട്ട ജില്ലയില്‍ അന്തിമ വോട്ടര്‍പ്പട്ടികയില്‍ 10,01,325 വോട്ടര്‍മാരാണ് 53 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലുമുള്ളത്. ഇതില്‍ 4,68,807 പുരുഷന്‍മാരും 5,32,518 സ്ത്രീകളുമുണ്ട്.
പള്ളിക്കല്‍ ഗ്രാമപ്പഞ്ചായത്താണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ മുന്നില്‍. ഇവിടെ 16,090 പുരുഷന്‍മാരും 18,828 സ്ത്രീകളുമുണ്ട്. മുനിസിപ്പാലിറ്റികളില്‍ തിരുവല്ലയാണ് മുന്നില്‍. 44,836 വോട്ടര്‍മാര്‍. കഴിഞ്ഞകാല പത്തനംതിട്ടയുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതു-വലതു മുന്നണികളോട് മമതകാണിക്കാത്ത രാഷ്ട്രീയമാണ് പ്രകടമാവുന്നത്. വിവിധ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തമായ ജനവിധികളാണ് ഉണ്ടായിട്ടുള്ളത്. ഇരുമുന്നണികളെയും മാറിമാറി പിന്തുണയ്ക്കുന്ന ജില്ലയാണ് പത്തനംതിട്ട.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ബിജെപിയും പരമാവധി നേട്ടത്തിനു ശ്രമിക്കുന്നു. 54 ഗ്രാമപ്പഞ്ചായത്ത് ഉള്ളതില്‍ 39 എണ്ണത്തില്‍ യുഡിഎഫും 15 എണ്ണത്തില്‍ എല്‍ഡിഎഫുമാണ് ഭരിക്കുന്നത്. 62 വാര്‍ഡുകളില്‍ ബിജെപി വിജയിച്ചിരുന്നു. ഇത്തവണ എസ്എന്‍ഡിപി സഖ്യത്തിലൂടെ ആര്‍എസ്എസ് നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്. 2010ല്‍ ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിനായിരുന്നു. 17 ഡിവിഷനുകളില്‍ 11 എണ്ണം അവര്‍ക്കുണ്ട്. മൂന്ന് നഗരസഭകളില്‍ രണ്ടിടത്ത് ഇപ്പോള്‍ യുഡിഎഫ് ഭരിക്കുന്നു- പത്തനംതിട്ടയിലും അടൂരിലും.
ഇടതിന് ആറ് സീറ്റാണ് കിട്ടിയത്. 2005ല്‍ ഇടതുമുന്നണിക്കായിരുന്നു ജില്ലാ പഞ്ചായത്ത് ഭരണം. അന്ന് ഒമ്പത് ബ്ലോക്കുകളുള്ളതില്‍ അഞ്ചില്‍ അവര്‍ വിജയിച്ചിരുന്നു. നാലിടത്ത് യുഡിഎഫും.
തിരുവല്ലയില്‍ ഇടതുമുന്നണി ബിജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ഭരണം നേടിയത്. പന്തളം വീണ്ടും നഗരസഭയാവുന്നു എന്നതാണ് ഇക്കുറി തിരഞ്ഞെടുപ്പിലെ പുതുമ.
Next Story

RELATED STORIES

Share it